സ്റ്റോക്ക് ഓൺ ട്രെന്റ് : സാത്താന്‍ ആരാധനയ്ക്ക് തുല്യമായ ‘ഹാലോവീന്‍’ ആഘോഷങ്ങള്‍ക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ  ‘വിശുദ്ധസൈന്യം’.   ‘ഹാലോവീന്‍’ ആഘോഷങ്ങള്‍ക്ക് ബദലായി രണ്ട് വയസുമുതൽ ഉള്ള കുട്ടികളാണ് സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘ഹോളീവീന്‍’ (ഓള്‍ സെയിന്റ്‌സ് ഡേ ആഘോഷം) പരിപാടിയിൽ പങ്കുചേർന്നത്. കൊന്തമാസത്തിന്റെ സമാപന ദിവസമായതുകൊണ്ട് അഞ്ച് മണിയോടെ ജപമാലക്ക്  ആരംഭം കുറിച്ചു.ഭീകര ജന്തുക്കളുടെയും പിശാചുക്കളുടെയും വേഷമണിയാന്‍ പ്രേരിപ്പിക്കുന്ന ഹാലോവീനില്‍നിന്ന് പുതുതലമുറയെ രക്ഷിക്കാനുള്ള ബദല്‍ മാര്‍ഗമാണ് വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളെ അണിനിരത്തുന്ന ‘ഹോളിവീന്‍’. വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികള്‍ അണിനിരന്നപ്പോൾ വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ദൃശ്യവിരുന്നായിരുന്നു എന്ന് പറയാതെ വയ്യ.. ജപമാലക്ക് ശേഷം വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞു അൾത്താരക്ക് മുന്നിൽ കുട്ടികളും മുതിർന്നവരും അണിനിരന്നപ്പോൾ വിശ്വാസി മനസുകളിലേയ്ക്ക്  ഇറങ്ങിവന്നവരിൽ വിശുദ്ധ അല്‍ഫോന്‍സ, വിശുദ്ധ കൊച്ചുത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച അപ്പസ്‌തോലന്മാര്‍ മുതല്‍ നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ച വിശുദ്ധ മദര്‍ തെരേസയും ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല ഇടവക വികാരി ഫാദർ ജോർജ്ജ് എട്ടുപറയിൽ. തുടർന്ന് പരിശുദ്ധ കുർബാനയോടെ ഹോളിവീൻ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

ഹാലോവിന്‍ ദിനാഘോഷത്തില്‍നിന്ന് പുതുതലമുറയെ അകറ്റുക, വിശുദ്ധരുടെ ജീവിത മാതൃകകള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ തുടക്കംകുറിച്ച ഓള്‍ സെയിന്റ്‌സ് ദിനാഘോഷം ഓരോവര്‍ഷവും യുകെയിലെ കൂടുതല്‍ ഇടവകകളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാലോവീനെ കുപ്പിയിലടച്ചു സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടികളെ ഹോളിവീൻ ചാക്കിലാക്കിയ ഇടവക വികാരിയായ ഫാദർ ജോർജ്ജ് എട്ടുപറയിൽ ആണ് താരമെന്ന് സ്റ്റോക്ക് ഓൺ ട്രെന്റിലെ ഇപ്പോഴത്തെ ജനസംസാരം. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ എല്ലാ പരിപാടികളും വിജത്തിലെത്തുന്നത്തിന്റെ കാരണം തേടി കൂടുതൽ അലയേണ്ട എന്ന് സാരം.

സ്‌കൂളുകളില്‍ ഒന്നിച്ചു പഠിക്കുന്ന മറ്റ് കുട്ടികള്‍ ചെയ്യുന്നതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ നമ്മുടെ കുഞ്ഞുങ്ങളെയും അനുവദിക്കണമെന്നുണ്ടോ; ആഘോഷത്തിന്റെ പേരില്‍ സാത്താനെ പ്രസാദിപ്പിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണോ? ഈ ദുരാചാരത്തിന്റെ പശ്ചാത്തലവും യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്താല്‍ അവരെ ഇതില്‍നിന്നും പിന്തിരിപ്പിക്കാനാകും. മാത്രമല്ല, കത്തോലിക്കാസഭയുടെ മഹത്തായ പാരമ്പര്യമനുസരിച്ച് സകലവിശുദ്ധരുടെ തിരുനാള്‍ ആഘോഷിക്കാന്‍ അവരെ പ്രേരിപ്പിക്കാനും കഴിയും. ‘നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. ആഘോഷത്തിനുവേണ്ടി ഭീകര വേഷങ്ങള്‍ ധരിച്ചാടുന്നവർ  അതിലൂടെ സാത്താന്റെ മഹത്വമാണ് പരോക്ഷമായി പ്രഘോഷിക്കുന്നത് എന്ന വസ്‌തുത വിസ്മരിക്കാതിരിക്കുക.

യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറിയ എല്ലാ പ്രവാസി സമൂഹങ്ങളെപ്പോലെ ചില മലയാളികളും ‘ഹാലോവീന്‍’ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. ആഘോഷത്തിൽ പങ്കെടുക്കുമ്പോൾ മിഠായി (അതുമല്ലെങ്കിൽ ചെറിയ സമ്മാനം ) ലഭിക്കുമെന്ന ഒരേ ഒരു കാരണം കൊണ്ടാണ് ഇത്തരം പരിപാടികളിൽ മലയാളി കുട്ടികൾ പങ്കെടുത്തിരുന്നത് എന്നത് ഒരു സത്യവുമാണ്‌. എന്നാല്‍, ഹാലോവീന് (കുഞ്ഞു മനസുകളിൽ പതിയുന്ന ഇമേജുകൾ, കോസ്റ്യൂമുകൾ ) പിന്നിലെ അപകടം മനസിലാക്കിയതോടെയാണ് ‘ഓള്‍ സെയിന്റ്‌സ് ഡേ പരിപാടികൾ ‘ വ്യാപകമായി സംഘടിപ്പിച്ചുതുടങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്താണ് ഈ ഹാലോവീന്‍ ഡേ ….. സാത്താന്റെ ദിനം 

ക്രിസ്തുവിനുമുമ്പ് യൂറോപ്പില്‍ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തില്‍നിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓള്‍ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആള്‍ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കില്‍നിന്നാണ് ഹാലോവീന്‍ എന്ന പേര് ഉണ്ടാകുന്നത്. സകലവിശുദ്ധരുടെയും തിരുനാളിന് തലേദിവസം ഒരു ദുരാചാരത്തിന്റെ ആഘോഷമായിത്തീര്‍ന്നതിന്റെ പശ്ചാത്തലം കൗതുകകരമാണ്. ക്രിസ്തുവിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, വടക്കന്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ജീവിച്ചിരുന്ന തികച്ചും അപരിഷ്‌കൃതരായ സെര്‍ട്ടിക്ക് ജനതയുടെ പുതുവത്സര ആഘോഷ അവസരമായിരുന്നു ഇത്. 

പുതുവത്സരത്തിനു തലേദിവസം മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ ഭവനങ്ങളിലേക്കു പോകാന്‍ മരണത്തിന്റെ ദേവനായ ‘സാഹയിന്‍’ അനുവദിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. പാപത്തില്‍ മരിച്ചവരുടെ മോചനത്തിനുവേണ്ടി മൃഗബലിയും നരബലിയും അര്‍പ്പിച്ചിരുന്ന അവര്‍, പിശാചുക്കള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ വീടിനു പുറത്ത് ഭക്ഷണം കരുതിവെക്കുകയും ചെയ്തിരുന്നു. പിശാചുക്കളുടേയും പ്രേതങ്ങളുടേയും ദുരാത്മാക്കളുടേയും ഭീകരരൂപത്തിലുള്ള വേഷങ്ങള്‍ ധരിച്ചാല്‍ തങ്ങളെ ഉപദ്രവിക്കാതെ അവര്‍ കടന്നുപോകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതിനുവേണ്ടിയാണ് പുതുവത്സരത്തിനു മുന്‍പുള്ള രാത്രിയില്‍ ജനങ്ങളെല്ലാം ഇത്തരം വേഷങ്ങള്‍ ധരിച്ചിരുന്നത്. റോമാക്കാര്‍ സെര്‍ട്ടിക് പ്രദേശങ്ങള്‍ കീഴടക്കിയപ്പോള്‍ രക്തരൂക്ഷിതമായ പല ആചാരങ്ങളും അവര്‍ നിരോധിച്ചു.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത സെര്‍ട്ടിക് ജനത തങ്ങളുടെ പഴയ ആചാരങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് ഈ ആചാരത്തിന് കാരണമായത്. സകല വിശുദ്ധരുടേയും തിരുനാളിന് തലേദിവസമാണ് ഈ ആഘോഷങ്ങള്‍ക്കായി അവര്‍ തിരഞ്ഞെടുത്തത്.  ഹാലോവീന്‍ ആഘോഷങ്ങളും വേഷങ്ങളും ‘ജാക്കിന്റെ റാന്ത’ലും ‘ട്രിക്ക് ആന്‍ഡ് ട്രീറ്റു’മൊക്കെ ആഘോഷങ്ങളിലേക്ക് കടന്നു വന്നു. കമ്പോളത്തില്‍ ഈ ആഘോഷത്തിന്റെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വ്യാപാരസമൂഹം പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഹാലോവീന്‍ ആഘോഷത്തിന് പ്രചാരം നല്‍കി. അതോടെയാണ് ഹാലോവീന്റെ പേരിലുള്ള ആഘോഷങ്ങള്‍ കൊഴുത്തത്.