ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചൂടേറിയ കാലാവസ്ഥയാണ് ഇപ്പോൾ ബ്രിട്ടനിൽ . കടുത്ത സൂര്യപ്രകാശത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ധർ നൽകിക്കഴിഞ്ഞു. ഡ്രൈവിങ്ങിനിടെ സൂര്യപ്രകാശത്തിന്റെ കാഠിന്യവും ഡാഷ്ബോർഡിൽ തിളങ്ങുന്ന വസ്തുക്കൾ ഉള്ളതോ അപകടങ്ങൾ വിളിച്ചു വരുത്തിയേക്കാം. കടുത്ത വെയിലിൽ വാഹനം ഓടിക്കുന്നവർ സൺഗ്ലാസ്സ് ധരിക്കുന്നത് ഈ രീതിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

വെയിലുള്ള കാലാവസ്ഥയിൽ സൺഗ്ലാസ് ധരിക്കണമെന്ന് ബ്രിട്ടനിൽ നിയമപരമായ നിബന്ധനയില്ല. എന്നാൽ ഹൈവേ കോഡിന്റെ റൂൾ 237 അനുസരിച്ച് വെയിലത്ത് സൺഗ്ലാസ്സ് ധരിക്കാത്തതിനെ ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നതായി പോലീസിന് കണക്കാക്കാൻ സാധിക്കും. ഈ നിയമത്തിൽ കടുത്ത സൂര്യപ്രകാശത്തിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഡ്രൈവർമാർ കണ്ണട ധരിക്കണമെന്ന നിർദ്ദേശവുമുണ്ട്. ഈ കുറ്റത്തിന് 100 പൗണ്ട് പിഴയും ലൈസൻസിൽ 3 പോയന്റുകൾ നൽകുന്നതിനും കാരണമായേക്കാം എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു. അതുപോലെതന്നെ ധരിക്കുന്ന സൺഗ്ലാസ് സി ഇ മാർക്കുള്ളതും യൂറോപ്യൻ സ്റ്റാൻഡേർഡ് BS EN 1836: 2005 അനുസരിച്ചുള്ളതുമായിരിക്കണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാജ്യത്ത് പലയിടങ്ങളിലും താപനില 32.7 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നിരുന്നു. എന്നാൽ വാരാന്ത്യത്തിൽ അത് 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. വരും ദിനങ്ങളിൽ താപനില 28 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ഈ വര്‍ഷം ഇനിയും നാല് ഉഷ്ണ തരംഗങ്ങള്‍ കൂടി ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിരുന്നു . പശ്ചിമ യൂറോപ്പില്‍ താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്‌പെയിനില്‍ നിന്നും ബ്രിട്ടനിലേക്ക് ഉഷ്ണവായു പ്രവാഹമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത് .