ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിനെതിരെ വർണ്ണവിവേചന ആരോപണം. ബ്രിട്ടനിലേക്ക് ക്ഷണിക്കപ്പെട്ട പല ഗവേഷകർക്കും ആഭ്യന്തരവകുപ്പ് വിസ നിഷേധിച്ചു. കഴിഞ്ഞ ഏപ്രിലിൽ ബ്രിട്ടണിൽ വച്ച് നടന്ന ട്രെയിനിങ് ക്യാമ്പിൽ ആഫ്രിക്കയിലെ സിയറി ലൗണിൽ നിന്നുള്ള ആറ് എബോള രോഗ ഗവേഷകർക്ക് പങ്കെടുക്കാൻ സാധിക്കാതെ പോയത് ഇതിന്റെ ഭാഗമായാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് നടത്തിയ ആഫ്രിക്കൻ സബ്മിറ്റിലും ഇരുപത്തിനാലോളം ഗവേഷകർക്ക് പങ്കെടുക്കാൻ സാധിച്ചില്ല.
ഇതേതുടർന്ന് ബ്രിട്ടൻ ആഭ്യന്തരവകുപ്പിനെതിരെ വളരെ ശക്തമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. “ഒബ്സർവർ” പത്രത്തിനു നൽകിയ കുറിപ്പിൽ എഴുപതോളം ഗവേഷകരും അധ്യാപകരും ഈ നടപടിയെ രൂക്ഷമായി വിമർശിച്ചു . ആഫ്രിക്കൻ വംശജർക്ക് വിസ നിഷേധിച്ചത് ബ്രിട്ടന്റെ ആഗോള സമ്മതിക്ക് ഏറ്റ കനത്ത പ്രഹരം ആണെന്ന് അവർ വിലയിരുത്തി. ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ബ്രിട്ടനിന്റെ പ്രവർത്തനങ്ങളെയും ഇത് കാര്യമായി ബാധിക്കും.
ബ്രിട്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ആയിരിക്കുന്ന മെലിസ ഇതിനെ രൂക്ഷമായി വിമർശിച്ചു. യൂണിവേഴ്സിറ്റിയുടെ പല ഗവേഷണ പദ്ധതികളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് അവർ വാർത്താകുറിപ്പിൽ അറിയിച്ചു. ഏപ്രിൽ മാസത്തിൽ പല ഗവേഷണങ്ങൾക്കായി ബ്രിട്ടനിലേക്ക് ക്ഷണിക്കപ്പെട്ട 25 ഗവേഷകരിൽ ഇരുപത്തിനാലോളം പേർക്കാണ് വിസ നിഷേധിക്കപ്പെട്ടത്.
എന്നാൽ ഈ ആരോപണത്തെ ബ്രിട്ടൻ ആഭ്യന്തരവകുപ്പ് ശക്തമായി നിഷേധിച്ചു. എല്ലാ വിദേശ അപേക്ഷകളെയും നിയമപരമായി തന്നെയാണ് പരിഗണിച്ചത് എന്നും അന്താരാഷ്ട്ര ഗവേഷകരെ ബ്രിട്ടൺ എപ്പോഴും സ്വാഗതം ചെയ്യുകയാണ് ചെയ്തിട്ടുള്ളതെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
Leave a Reply