ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏകദേശം 50 വർഷമായി യുകെയിൽ താമസിച്ചിരുന്ന ആളോട് ബ്രിട്ടീഷുകാരനല്ലന്ന് പറഞ്ഞ് രാജ്യം വിടാൻ ഹോം ഓഫീസ് ആവശ്യപ്പെട്ട സംഭവം വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിറലിലെ വാലസെയിൽ നിന്നുള്ള നെൽസൺ ഷാർഡെ 1977 ൽ വിദ്യാർത്ഥി വിസയിൽ ആണ് യുകെയിൽ എത്തിയത്. എന്നാൽ 2019 -ൽ അദ്ദേഹത്തിന് യുകെയിൽ തുടരാൻ നിയമപരമായ അവകാശമില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
മാതൃരാജ്യമായ ഘാനയിൽ നിന്ന് പഠനത്തിനായി എത്തിയ നെൽസൺ ഷാർഡിന് പെർമനൻ്റ് വിസയ്ക്കായുള്ള ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടയ്ക്ക് ഘാനയിൽ നടന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ആണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെർമനന്റ് വിസ എടുക്കാതെ ഏകദേശം 50 വർഷത്തോളം നെൽസൺ ഷാർഡെ ഇവിടെ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് ഹോം ഓഫീസ് കണ്ടെത്തിയത്. യുകെയിൽ സ്ഥിരതാമസമായി നെൽസൺ ഷാർഡെ ഒരു ബ്രിട്ടീഷുകാരിയെ വിവാഹം ചെയ്തിരുന്നു. പിന്നീട് ആ വിവാഹ ജീവിതം പിരിഞ്ഞ് മറ്റൊരു ബ്രിട്ടീഷുകാരിയെ അദ്ദേഹം വിവാഹം ചെയ്തു . ഇവർക്ക് ജേക്കബ് , ആരോൺ എന്നീ രണ്ട് ആൺമക്കളും ഉണ്ട് .
അമ്മയുടെ മരണ സമയത്ത് ഘാനയിലേക്ക് മടങ്ങാൻ 2019 -ൽ നെൽസൺ ഷാർഡെ പാസ്പോർട്ടിന് അപേക്ഷിച്ചപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ബ്രിട്ടീഷ് പാസ്പോർട്ട് നൽകാൻ നെൽസൺ ഷാർഡെ ഈ രാജ്യത്തെ പൗരൻ അല്ലെന്ന് അധികൃതർ അദ്ദേഹത്തെ അറിയിച്ചു .പിഴയായി 7000 പൗണ്ട് അടയ്ക്കാനാണ് ഹോം ഓഫീസ് നിർദ്ദേശിച്ചത്. ഇതുകൂടാതെ എൻഎച്ച്എസിൻ്റെ സേവനങ്ങൾക്കായി 10500 പൗണ്ട് നല്കണമെന്ന് പറഞ്ഞിരുന്നു.
ഹോം ഓഫീസിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ ആണ് ഉയർന്ന് വന്നത്. ഇതിനെതിരെ നിയമ പോരാട്ടത്തിനായി 48,000 പൗണ്ട് നെൽസൺ ഷാർഡിൻ്റെ കുടുംബവും സുഹൃത്തുക്കളും സമാഹരിക്കുകയും നിയമ പോരാട്ടം ആരംഭിക്കുകയും ചെയ്തിരുന്നു , പല കോണുകളിൽ നിന്നുള്ള ശക്തമായ വിമർശനങ്ങൾക്കും എതിർപ്പുകൾക്കും ശേഷം നെൽസൺ ഷാർഡിനെ പൗരത്വം നൽകാൻ ഹോം ഓഫീസ് സമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ ഇന്നലെയാണ് പുറത്തുവന്നത്. അദ്ദേഹത്തിൻ്റെ നിയമപോരാട്ടത്തിനായി സ്വരൂപിച്ച 48,000 പൗണ്ടിലധികം ചാരിറ്റിക്ക് നൽകുമെന്ന് ഷാർഡേയുടെ കുടുംബം അറിയിച്ചു.
Leave a Reply