ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി യൂനിസ്. യൂനിസിന്റെ സംഹാരതാണ്ഡവം ഒഴിയുമ്പോൾ രാജ്യത്ത് ബാക്കിയാവുന്നത് കനത്ത നാശനഷ്ടങ്ങൾ. രാജ്യത്ത് പലയിടങ്ങളിലായി മൂന്ന് പേരുടെ ജീവനെടുത്തുകൊണ്ടാണ് യൂനിസ് പിൻവാങ്ങുന്നത്. കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും മേൽക്കൂരകൾ പറന്നുപോവുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ വീണും മരങ്ങള്‍ കടപുഴകി വീണും നിരവധി കാറുകളും തകർന്നു. ഐല്‍ ഓഫ് വൈറ്റിലെ നീഡില്‍സില്‍ ഇന്നലെ രാവിലെ മണിക്കൂറില്‍ 122 മൈല്‍ വേഗതയിലാണ് കാറ്റ് വീശിയത്. രണ്ട് ലക്ഷത്തിലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതിയില്ല. ഈ വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കമ്പനികൾ പരിശ്രമിക്കുകയാണ്.

ഒന്നോ രണ്ടോ ദിവസം കൂടി യാത്രാ തടസ്സം ഉണ്ടാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. റോഡുകളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല്പതിലധികം മരങ്ങൾ ട്രാക്കിൽ കടപുഴകി വീണതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഇംഗ്ലണ്ടിനെയും വെയില്‍സിനേയും സെവേണ്‍ നദിക്കു കുറുകെ ബന്ധിപ്പിക്കുന്ന എം 4 ലെ പ്രിന്‍സ് ഓഫ് വെയില്‍സ് പാലം തുറന്നു. എന്നാൽ എം 48 ലെ സെവേണ്‍ പാലം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തും സൗത്ത് വെയിൽസിലും ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

കൺസൾട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിയുടെ പ്രാരംഭ കണക്കുകൾ പ്രകാരം യൂനിസ് കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള ഇൻഷുറൻസ് തുക 200 മില്യൺ പൗണ്ടിനും 350 മില്യൺ പൗണ്ടിനും ഇടയിലായിരിക്കും. കഴിഞ്ഞ വർഷം സിയാറയും ഡെന്നീസും ആഞ്ഞടിച്ചപ്പോള്‍ കാറ്റു മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് 149 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരമാണ് ഇൻഷുറൻസ് കമ്പനികൾ നൽകിയത്. കെന്റിലെ ഒരു പവര്‍ സ്റ്റേഷന്റെ ചിമ്മിനി തകർന്നുവീണപ്പോൾ സോമർസെറ്റിലെ സെന്റ് തോമസ് പള്ളിയുടെ ഗോപുരം നിലംപതിച്ചു. ഇന്നലെ 1,958 കോളുകൾ ലഭിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് വെളിപ്പെടുത്തി.