ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു.

ഏപ്രില്‍ മാസത്തിലാണ് 573 പൗണ്ട് നല്‍കി പ്രീമിയം സര്‍വ്വീസ് ഉപയോഗിച്ച് അണ്‍മാരീഡ് പാര്‍ട്ണര്‍ വിസയ്ക്ക് തോമസ് അപേക്ഷ നല്‍കിയത്. ഹോം ഓഫീസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ ഏതാണ്ട് 5 മാസത്തോളം തോമസിന്റെ യു.കെ സന്ദര്‍ശനം മുടങ്ങി. നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഹോം ഓഫീസ് അധികൃതര്‍ തയ്യാറായില്ലെന്ന് തോമസിന്റെ പാര്‍ട്ണര്‍ പറയുന്നു. പിന്നീടാണ് തോമസിന്റെ പാസ്‌പോര്‍ട്ട് കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ആദ്യം പാസ്‌പോര്‍ട്ട് ഹോം ഓഫീസില്‍ കൈപ്പറ്റിയിട്ടില്ലെന്നായിരുന്നു വിവരം ലഭിച്ചത്. എന്നാല്‍ ഡെലിവറി രേഖകള്‍ പ്രകാരം പാസ്‌പോര്‍ട്ട് ഹോം ഓഫീസിലെത്തിയതായി വ്യക്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വിസ നിഷേധിച്ചതായി വ്യക്തമാക്കികൊണ്ട് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നു. എന്നാല്‍ അത് അബദ്ധം സംഭവിച്ചതാണെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷം തോമസിന് സെപ്റ്റംബര്‍ അവസാനത്തോടെ വിസയും പാസ്‌പോര്‍ട്ടും ലഭിച്ചു. എന്നാല്‍ പതിപ്പിച്ചിരുന്ന എന്‍ട്രി സ്റ്റാമ്പ് കാലാവധി കഴിഞ്ഞതായിരുന്നു. എനിക്ക് 4 മാസത്തിലധികം പ്രായമായ ഒരു മകനുണ്ട്, അധികൃതരുടെ അനാസ്ഥമൂലം എനിക്ക് അവനെ ഒരു നോക്ക് കാണാനുള്ള അവസരമാണ് അനന്തമായ നീളുന്നതെന്ന് തോമസ് പറയുന്നു. തോമസിന്റെ മൂന്ന് മക്കളും നിലവില്‍ മാതാവിനൊപ്പം യു.കെയിലാണ് താമസിക്കുന്നത്. തോമസിന്റെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി പാട്ണറായ സിമോണ്‍ ബ്രൂക്ക്‌സ് പറഞ്ഞു. മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നത് വിഷാദരോഗമുണ്ടാക്കുന്നതായും ബ്രൂക്ക്‌സ് പറയുന്നു.