ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അച്ചടക്കലംഘനം നടത്തിയതായി അന്വേഷണ റിപ്പോർട്ട്‌. മിനിസ്റ്റീരിയൽ കോഡ് പ്രീതി പട്ടേൽ ലംഘിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര കാര്യാലയ ഉദ്യോഗസ്ഥനായ സർ ഫിലിപ്പ് റുത്നം ഫെബ്രുവരിയിൽ രാജിവച്ചതിനെത്തുടർന്ന് കാബിനറ്റ് ഓഫീസ് അവളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ ഭീഷണിപ്പെടുത്തൽ ആരോപണം പട്ടേൽ എല്ലായ് പ്പോഴും ശക്തമായി നിഷേധിച്ചിട്ടുണ്ട്. സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് സർ അലക്സ് അലൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ മറ്റു ഉദ്യോഗസ്ഥരോട് പരിഗണനയോടും ബഹുമാനത്തോടും പെരുമാറുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങൾ സെക്രട്ടറി പാലിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മനഃപൂർവമല്ലെങ്കിലും ഭീഷണിപ്പെടുത്തലിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ താൻ എല്ലായ്പ്പോഴും നിഷേധിച്ചിരുന്നുവെന്നും അവർക്കെതിരെ ഔദ്യോഗിക പരാതികളൊന്നും വന്നിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ വക്താവ് വ്യക്തമാക്കി. ആഭ്യന്തര ഓഫിസിലെ പെരുമാറ്റത്തേക്കുറിച്ചുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന ഒരു സർക്കാർ രേഖയാണ് മിനിസ്റ്റീരിയൽ കോഡ്. ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ മറ്റ് വിവേചനപരമായ പെരുമാറ്റം അനുവദിക്കില്ലെന്ന് കോഡ് പറയുന്നു. മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് വ്യക്തിപരമായി അവർ ഉത്തരവാദിത്തമുള്ളവരാണെന്നും പ്രധാനമന്ത്രിയുടെ വിശ്വാസം നിലനിർത്തുന്നിടത്തോളം കാലം അവർക്ക് ഔദ്യോഗിക പദവിയിൽ തുടരാമെന്നും ഇതിൽ പറയുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഭ്യന്തര കാര്യാലയം, വർക്ക് ആൻഡ് പെൻഷൻ, അന്താരാഷ്ട്ര വികസനം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സർക്കാർ വകുപ്പുകളിലെ പട്ടേലിന്റെ പെരുമാറ്റം പരിശോധിച്ചതായാണ് റിപ്പോർട്ട്. തെളിവുകൾ ശേഖരിക്കുന്നത് മാസങ്ങൾക്കുമുമ്പ് പൂർത്തിയായെങ്കിലും വിധി പറയാൻ വൈകുകയായിരുന്നു. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ഈ ആഴ്ച സർക്കാരിൽ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. പ്രീതി പട്ടേലിന് ശാസന നൽകുകയോ ക്ഷമ ചോദിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. തീരുമാനം കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയാണ്. ബോറിസ് ജോൺസൻ, തന്റെ തീരുമാനം വെള്ളിയാഴ്ച്ച തന്നെ വെളിപ്പെടുത്താൻ സാധ്യതയുണ്ട്. സാധാരണയായി ഒരു മന്ത്രി കോഡ് ലംഘിച്ചാൽ അവർ രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താമെന്ന് കാബിനറ്റ് സെക്രട്ടറി സർ മാർക്ക് സെഡ്‌വിൽ ഈയാഴ്ച്ച ആദ്യം അഭിപ്രായപ്പെട്ടു. റിപ്പോർട്ട് ഇതിനകം തന്നെ ജോൺസന്റെ പക്കലുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

അലക്സിന്റെ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ലേബർ പാർട്ടി ഷാഡോ ഹോം സെക്രട്ടറി നിക്ക് തോമസ്-സൈമണ്ട്സ് ആവശ്യപ്പെട്ടു. എന്നാൽ നിരവധി കൺസർവേറ്റീവ് എംപിമാർ പ്രീതി പട്ടേലിന് പിന്തുണ വാഗ് ദാനം ചെയ്തിട്ടുണ്ട്. പ്രക്രിയ തുടരുകയാണെന്നും അത് അവസാനിച്ചുകഴിഞ്ഞാൽ പ്രധാനമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുമെന്നും സർക്കാർ വക്താവ് അറിയിച്ചു.