അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കാൻ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിയമങ്ങൾ നടപ്പിലാക്കാൻ പോലീസ് സ്വീകരിക്കുന്ന നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങൾ ലംഘിക്കുന്ന ന്യൂനപക്ഷം രാജ്യത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തെ അപകടത്തിലാക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി യുകെയിൽ ഉടനീളം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 45,000 ത്തോളം പെനാൽറ്റി നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇന്നലെ 1,243 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പുതിയതായി 45533 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. അതേസമയം വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. 145,076 പേർക്ക് കൂടി വാക്‌സിൻെറ ആദ്യ ഡോസും 20768 പേർക്ക് രണ്ടാം ഡോസും നൽകാൻ കഴിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടുകൂടി ആദ്യ ഡോസ് ലഭിച്ചവരുടെ എണ്ണം 2431648 ആയും രണ്ടാം ഡോസ് ലഭിച്ചവരുടെ എണ്ണം 412167 ആയും ഉയർന്നു.

ഇതിനിടെ വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടുമായി കൂടുതൽ ഷോപ്പുകൾ രംഗത്തുവന്നു. ടെസ്‌കോ, അസ്ഡ, വെയിട്രോസ് തുടങ്ങിയ ഷോപ്പുകൾ മാസ്ക് ധരിക്കാത്തവരെ ഷോപ്പിങ്ങിന് അനുവദിക്കില്ലെന്ന് അറിയിച്ചു. നേരത്തെതന്നെ മോറിസൺസും സൈൻസ്ബറിയും സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഷോപ്പുകളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കാൻ ശ്രമിക്കുന്നില്ലെന്ന് വിമർശനങ്ങൾ നേരത്തെ ഉയർന്നുവന്നിരുന്നു.