ലണ്ടന്‍: ഇംഗ്ലണ്ടില്‍ മെനിഞ്‌ജൈറ്റിസിനുള്ള പ്രതിരോധ വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ്. 17നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മൂന്നിലൊന്ന് ആളുകള്‍ മാത്രമേ ഈ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളുവെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. നിരവധി പേര്‍ക്ക് മാരകമായ ഈ രോഗം മൂലം അംഗവൈകല്യങ്ങളും സംഭവിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനം അവസാനിക്കുന്ന കാലത്ത് എടുക്കുന്ന ഈ കുത്തിവെയ്പ്പ് സ്വീകരിക്കാത്തവര്‍ സ്വന്തം ജീവന്‍ അപകടത്തില്‍ പെടുത്തുകയാണെന്ന് ആര്‍സിഎന്‍ പറയുന്നു.

മസ്തിഷ്‌കത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന മെനിഞ്ജസ് എന്ന സ്തരത്തെ ബാധിക്കുന്ന അണുബാധയാണ് മെനിഞ്‌ജൈറ്റിസ്. ഇത് ജീവന് ഭീഷണിയുയര്‍ത്തുന്ന രോഗമാണ്. സാധാരണ പനിയും തലവേദനയുയമായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. തലവേദന പിന്നീട് കടുത്തതാകും. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്കും രക്തത്തിലെ അണുബാധയ്ക്കും ഇത് കാരണമാകും. മെനിഞ്‌ജൈറ്റിസ്, സെപ്റ്റിസീമിയ എന്നീ അവസ്ഥകളിലേക്ക് നയിക്കുന്ന നാല് തരത്തിലുള്ള മെനിഞ്‌ജോകോക്കസ് രോഗങ്ങളെ പ്രതിരോധിക്കുന്ന വാക്‌സിനാണ് സൗജന്യമായി നല്‍കുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെന്നാണ് ആര്‍സിഎന്‍ പറയുന്നത്.

ഇംഗ്ലണ്ടില്‍ അടുത്ത കാലത്ത് മസ്തിഷ്‌കത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2009-10 കാലഘട്ടത്തില്‍ 22 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ 2015-16 കാലയളവില്‍ ഇത് 210 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് 25 വയസ് വരെ ഇത് എടുക്കാവുന്നതാണ്. അടുത്തുള്ള ജിപി സര്‍ജറിയെ സമീപിച്ചാല്‍ സൗജന്യമായി ഇത് ലഭിക്കും. 9-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് (13-14 വയസ്) ഈ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്.