ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്ന് കുരുന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തുകയും മറ്റ് പത്ത് പേരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. കൊലയാളിയെ കുറിച്ച് നേരത്തെ പോലീസിനും മറ്റ് ഏജൻസികൾക്കും അറിയാമായിരുന്നിട്ടും ഇത്തരം ഒരു ദാരുണ സംഭവം ഒഴിവാക്കാൻ പറ്റാതിരുന്ന സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് പബ്ലിക് എൻക്വയറി നടത്താൻ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടത്. ആക്രമണത്തിനും ഭീകര പ്രവർത്തനം നടത്തുന്നതിനും പ്രതിയായ റുഡാകുബാനയ്ക്ക് താല്പര്യമുണ്ടെന്ന വിവരം വിവിധ ഏജൻസികൾക്ക് അറിയാമായിരുന്നു എന്നത് വരും ദിവസങ്ങളിൽ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സൗത്ത് പോർട്ട് കേസ് കൈകാര്യം ചെയ്തതിനെ കുറിച്ച് കടുത്ത വിമർശനവുമായി റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് രംഗത്ത് വന്നിരുന്നു . തൻറെ ജീവിതത്തിൽ കണ്ട ഏറ്റവും മോശം മൂടിവെയ്ക്കലായാണ് മൂന്ന് കുട്ടികളുടെ കൊലപാതകത്തിലെ പ്രതിയെ കുറിച്ച് നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കൊലപാതകം നടത്തുന്നതിന് മുമ്പ് തന്നെ അക്രമത്തോടുള്ള പ്രതിയുടെ പൊതുവായ അഭിനിവേശത്തെ കുറിച്ച് പ്രിവന്റ് വിഭാഗത്തിലേക്ക് റഫർ ചെയ്തതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സൗത്ത് പോർട്ടിൽ മൂന്നു കുരുന്ന് പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു . മുൻപ് നടന്ന ഒരു വിചാരണയിൽ പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് വാദിച്ചിരുന്നു. എന്നാൽ ലിവർപൂൾ ക്രൗൺ കോടതിയിൽ കേസ് ആരംഭിക്കാനിരിക്കെ പ്രതിയുടെ വക്കീൽ തന്റെ കക്ഷിക്ക് വീണ്ടും കുറ്റപത്രം സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം പ്രതി മൂന്ന് കൊലപാതക കുറ്റങ്ങളും 10 കൊലപാതക ശ്രമങ്ങളും, രണ്ട് ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. മേൽവിവരിച്ച കുറ്റങ്ങൾക്ക് പുറമെ റിസിൻ എന്ന ജൈവ വിഷവസ്തു നിർമ്മിച്ചതിനും അൽ-ഖ്വയ്ദ പരിശീലന മാനുവൽ കൈവശം വച്ചതിനും തീവ്രവാദ നിയമപ്രകാരം റുഡ കുബാനയ്‌ക്കെതിരെ കേസെടുത്തു. ഓരോ കുറ്റങ്ങൾ ചുമത്തിയപ്പോഴും മുഖം പി പി ഇ മാസ്ക് കൊണ്ട് മറച്ചിരുന്ന പ്രതി താൻ കുറ്റക്കാരനാണെന്ന് ഏറ്റുപറഞ്ഞു. പ്രതിയുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കുമെന്നാണ് അറിയാൻ സാധിച്ചത്.
Leave a Reply