ലണ്ടന്‍: ടോറി ഭരണത്തില്‍ ഭവനരാഹിത്യ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. 2010നെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2016 ഏപ്രിലിനും 2017 മാര്‍ച്ചിനുമിടയില്‍ ഭാവനരഹിതരായെന്ന് ഇംഗ്ലണ്ടിലെ ലോക്കല്‍ അതോറിറ്റികള്‍ പ്രഖ്യാപിച്ചത് 59,100 കുടുംബങ്ങളെയാണ്. 2010-11 കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് 34 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. യുകെയുടെ ഹൗസിംഗ് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. സുരക്ഷിതമല്ലാത്ത താല്‍ക്കാലിക ഇടങ്ങളില്‍ താമസമാക്കുന്നവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് ആവശ്യമായ വീടുകള്‍ കണ്ടെത്താന്‍ സാധിക്കാത്തത് മൂലം ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലുകളില്‍ പോലും ആളുകള്‍ തങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇംഗ്ലണ്ടില്‍ മാത്രം താല്‍ക്കാലിക സൗകര്യങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 77,240 ആണ്. ആറ് വര്‍ഷം മുമ്പ് ഇത് 48,240 ആയിരുന്നു. ഇവയില്‍ 78 ശതമാനം കുടുംബങ്ങളും കുട്ടികളുമായാണ് താമസിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ 1,20,500 കുട്ടികള്‍ കഴിയുന്നു എന്നാണ് വിശദീകരിക്കപ്പെടുന്നത്.

6590 കുടുംബങ്ങള്‍ ബെഡ് ആന്‍ ബ്രേക്ക്ഫാസ്റ്റ് ഫെസിലിറ്റികളില്‍ കഴിയുന്നു. ഇവരില്‍ 3010 കുടുംബങ്ങളില്‍ കുട്ടികളുണ്ട്. ഒറ്റ മുറിയില്‍ കുട്ടികളുമായി കഴിയേണ്ടി വരുന്നതും ബാത്‌റൂം, അടുക്കള സൗകര്യങ്ങള്‍ പരിചയമില്ലാത്തവരുമായി പങ്കിടേണ്ടി വരുന്നതുമൊക്കെയാണ് ഇതുകൊണ്ടുണ്ടാകുന്ന പ്രതിസന്ധികള്‍. ആറ് ആഴ്ചകള്‍ക്കു മേല്‍ കുട്ടികളുമായി ബി ആന്‍ഡ് ബി സൗകര്യങ്ങളില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.