സുഹൃത്തുക്കൾക്കിടയിൽ മൗറിസ് റോബിൻസൺ അറിയപ്പെടുന്നത് ‘മോ’ എന്ന വിളിപ്പേരിലാണ്. ‘ലോറി ഡ്രൈവർ’ എന്ന് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ജോബ് ഡിസ്‌ക്രിപ്‌ഷനായിത്തന്നെ ചേർത്തിട്ടുള്ള റോബിൻസന്റെ വാളിൽ നിറഞ്ഞു നിൽക്കുന്നതും തന്റെ പ്രിയവാഹനവും ഉപജീവന മാർഗവുമായ ‘പോളാർ എക്സ്പ്രസ്സ്’ എന്നുപേരിട്ടിട്ടുളള സ്കാനിയാ ട്രെയ്‌ലർ ട്രക്കാണ്, ഒപ്പം തന്റെ പ്രിയപ്പെട്ട വളർത്തുപട്ടികളും. സതേൺ റീജിയണൽ കോളേജിൽ ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ് ആൻഡ് റിപ്പയറിൽ ഡിപ്ലോമഎടുത്ത ശേഷമാണ് റോബിൻസൺ കാർഗോ ട്രെയിലറുകളുടെ രാജ്യാന്തര ഡ്രൈവിങ്ങ് തന്റെ ഉപജീവനമായി തെരഞ്ഞെടുക്കുന്നത്. ഇപ്പോൾ യുകെയിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു പേരാണ് മോ റോബിൻസന്റെത്. അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ 39 ഏഷ്യൻ വംശജരുടെ കൊലപാതകത്തിന്റെ കുറ്റം മോയുടെ തലയിലാണ്.

വടക്കൻ അയർലണ്ടിലെ പോർട്ടഡോൺ സ്വദേശിയാണ് റോബിൻസൺ. ബെൽജിയത്തിലെ സീബ്രഗ്ഗിൽ നിന്ന് തെയിംസ് നദിയിലെ ടിൽബറി ഡോക്കിനടുത്തുള്ള പർഫ്‌ളീറ്റിൽ വന്നിറങ്ങിയതാണ് ഈ റഫ്രിജറേറ്റഡ് ട്രെയ്‌ലർ. അവിടെ നിന്ന് ട്രെയിലർ തന്റെ ട്രക്കുമായി ഘടിപ്പിച്ച് യാത്ര തുടങ്ങിയ റോബിൻസൺ അതുമായി ഹോളിഹെഡ് വഴി ഡബ്ളിനിലൂടെ യാത്ര തുടരുകയായിരുന്നു. ഒടുവിൽ എസ്സെക്സിലെ ഗ്രേയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെത്തി. അവിടെ വണ്ടി നിർത്തിയശേഷം കാർഗോയുടെ രേഖകൾ എടുക്കാൻ വേണ്ടി ട്രെയിലർ തുറന്നപ്പോഴാണ്, റോബിൻസൺ ഉള്ളിൽ തണുത്തുറഞ്ഞു മരിച്ചുകിടക്കുന്ന 39 പേരെ കാണുന്നത്. ആ ഭീകരദൃശ്യം കണ്ട നിമിഷം തന്നെ മോ റോബിൻസൺ ബോധം കെട്ടുവീഴുകയായിരുന്നു. അൽപനേരം കഴിഞ്ഞ് ബോധം വന്നപ്പോൾ റോബിൻസൺ തന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്. പിന്നാലെ വന്നെത്തിയ പോലീസ് റോബിൻസനെ അറസ്റ്റുചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയുമായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുവേണ്ടി റോബിൻസൺ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

വാഹനത്തിന്റെ റെഫ്രിജറേഷൻ സിസ്റ്റം പ്രവർത്തിച്ചിരുന്നു എന്നും, അതിനുള്ളിലുള്ളവർ മരിച്ചത് -25 ഡിഗ്രിസെൽഷ്യസിൽ ഹൈപ്പോതെർമിയ ബാധിച്ചാണ് എന്നുമാണ് ഇപ്പോൾ അനുമാനിക്കപ്പെടുന്നത്. നിരവധി മൾട്ടിനാഷണൽ കമ്പനികളുടെ കാർഗോ ട്രെയിലറുകൾ വന്നുപോകുന്ന ഡോക്കിൽ നിന്ന് ട്രെയിലർ തന്റെ ട്രക്കിൽ ഘടിപ്പിച്ചുവന്ന റോബിൻസൺ ചിലപ്പോൾ അതിനുള്ളിൽ 39 മൃതദേഹങ്ങൾ ഉള്ള കാര്യം അറിഞ്ഞുകാണാൻ ഇടയില്ല എന്ന് അതേ റൂട്ടിലോടുന്ന ചില ട്രെയിലർ ട്രക്കുകളുടെ ഡ്രൈവർമാർ ഡെയ്‌ലി മെയിൽ പത്രത്തോട് പറഞ്ഞു. മാത്രവുമല്ല, രേഖകളെടുക്കാൻ വേണ്ടി ട്രെയിലർ തുറന്ന് മൃതദേഹങ്ങൾ കണ്ടപാടെ റോബിൻസൺ തന്നെയാണ് ആംബുലൻസിനെയും പൊലീസിനെയും മറ്റും വിളിച്ചുവരുത്തിയതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ, ഈ യാത്രയിൽ റോബിൻസൺ വന്ന വളഞ്ഞ വഴിയാണ് അയാളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ഒരു ദിവസം കൂടുതൽ യാത്ര ചെയ്യേണ്ടുന്ന ഒരു റൂട്ടിലൂടെയാണ് റോബിൻസൺ തന്റെ ട്രെയിലറുമായി വന്നത്. ആ വഴി ചെക്ക്പോസ്റ്റുകൾ കുറവാണ് എന്നതിനാൽ സൗകര്യമോർത്ത് പല ട്രെയ്‌ലർ ഡ്രൈവർമാരും ആ വഴി പോകാറുണ്ട് എന്നും പറയപ്പെടുന്നു. പോളാർ എക്സ്പ്രസ് എന്ന ലോറി റോബിൻസന്റെ സ്വന്തമല്ല. 2017-ൽ ബൾഗേറിയയിൽ ഒരു ഐറിഷ് കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് ഈ സ്‌കാനിയ ട്രക്ക്.

എസെക്‌സിൽ റോബിൻസൺ തുറന്നത് സ്വന്തം ട്രെയിലറിന്റെ മാത്രം വാതിലല്ല. അയാൾ അഴിച്ചിട്ടത്, ചൈനയിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറാൻ മോഹിച്ച് അതിനായി ജീവൻ വരെ പണയപ്പെടുത്തി, ദുരിതങ്ങൾ അനുഭവിക്കാൻ തയ്യാറെടുത്ത് ഇറങ്ങിപ്പുറപ്പെടുന്നവരെ മുതലെടുത്തുകൊണ്ട് ഇരുളിന്റെ മറവിൽ വാഴുന്ന മനുഷ്യക്കടത്തു മാഫിയകളുടെ മുഖംമൂടി കൂടിയാണ്. മൗറിസ് ‘മോ’ റോബിൻസൺ എന്ന ലോറി ഡ്രൈവർ, നിരപരാധിയായ ഒരു നിമിത്തം മാത്രമാണോ അതോ കെട്ടുപിണഞ്ഞുകിടക്കുന്ന ഈ ‘മനുഷ്യക്കടത്ത് മാഫിയയുടെ കണ്ണി തന്നെയോ എന്നത് പൊലീസ് ഇനിയും അന്വേഷിച്ചു കണ്ടെത്താനിരിക്കുന്നതേയുള്ളൂ.