ടോം ജോസ് തടിയംപാട്
കാലങ്ങളായി മതങ്ങളും അതിന്റെ ഭാഗമായ വിശ്വാസവും മനുഷ്യനെ അന്ധവിശ്വാസങ്ങളുടെയും തടവറയില്‍ തളച്ചിട്ട് അവരെക്കൊണ്ട് ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ശ്രീലങ്കയില്‍ കണ്ടത്. ഗ്രീസിലെ അതനിക്കാര് കണ്ടെത്തിയ ഗ്രീക്ക് ദൈവങ്ങളെ പറ്റി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടാണ് ഗ്രീസിലെ ചെറുപ്പക്കാരെ സോക്രട്ടീസ് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ അന്ധവിശ്വാസം അഭിമാനമായി കൊണ്ടുനടക്കുന്ന മലയാളികളുടെ മനസ്സില്‍ സ്വതന്ത്ര ചിന്തയുടെ ചെറിയ തീപ്പൊരികള്‍ പകര്‍ന്നു നല്കാന്വേണ്ടിയാണ് കേരളത്തിന്റെ നവോഥാന നായകരായ സി. രവിചന്ദ്രന്‍ സാറും ശ്രീ വൈശാഖന് തമ്പിയേയും മെയ് 6ന് ലണ്ടനില്‍ എത്തിച്ചേരുന്നു.
ചരിത്രം പലവിധത്തിലാണ് സൃഷ്ടിക്കപ്പെടുന്നത്. ചിലത് അനിവാര്യമായതും നിശ്ചിതവുമായ സംഭവങ്ങളുമായി ബന്ധപ്പെട്ടതാവാം, മറ്റുചിലത് സമയകാലബന്ധങ്ങളില്ലാതെ, കാരണമേതുമില്ലാതെ സംഭവിച്ചു പോകുന്നതാണ്. ബ്രിട്ടനിലേക്കുള്ള
മലയാളിയുടെ കുടിയേറ്റത്തിന്റെ കാരണം നോക്കിയാല്‍ നല്ല ജോലി, സാമ്പത്തിക ഉന്നമനം, ഉയര്‍ന്ന ജീവിത നിലവാരം, അടുത്ത തലമുറയുടെ വിദ്യാഭ്യാസവും സുരക്ഷയും മാത്രമാണെങ്കിലും ഒരു സമൂഹം എന്ന നിലക്ക് പൂര്‍ണ്ണമായി അല്ലെങ്കിലും മലയാളികള്‍ ബ്രിട്ടീഷ് സമൂഹത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുകയാണ്. എന്നാല്‍ മറുവശത്തു അന്തര്‍ലീനമായിക്കിടക്കുന്ന അവരുടെ ശീലങ്ങളും, ആചാരങ്ങളും, വംശീയതയും ആധുനിക ബ്രിട്ടീഷ് സാമൂഹിക വ്യവസ്ഥകളുമായി ചേര്‍ന്നുപോകുന്നതല്ല. ഇതിന്റെ പരിണിതഫലം, മലയാളി സമൂഹം ഇന്ന് ബ്രിട്ടനില്‍ ചെറു തുരുത്തുകളായി മാറിയെന്നുള്ളതാണ്. കെട്ടിയടക്കപ്പെട്ട ഈ തുരുത്തുകളും ഇന്ന് ബ്രിട്ടീഷ് ചരിത്രത്തിന്റെ പാര്‍ശ്വങ്ങളിലേയ്ക്ക് ഒട്ടിച്ചേര്‍ന്നു നില്ക്കുന്നു.
ബ്രിട്ടനിലെ മലയാളി സമൂഹത്തില്‍, സ്വാത്രന്ത്രചിന്തയുടെയും, ബൗദ്ധികതയുടെയും, നവോത്ഥാനത്തിന്റെയും, സയന്‍സിന്റെയും അടിത്തറ പാകാന്‍ കഠിനപരിശ്രമം നടത്തുന്ന ഒരുകൂട്ടം ചിന്തകര്‍ നേരിടുന്ന വെല്ലുവിളി മേല്പറഞ്ഞ വെളിച്ചം കടക്കാത്ത തുരുത്തുകളാണ്. ചര്ച്ചുകളാലും, പുരോഹിത-ചട്ടക്കാരാലും, അവരുടെ ചാര്ച്ചക്കാരാലും വരിഞ്ഞു മുറുക്കപ്പെട്ട ഒരു സമൂഹത്തിലേയ്ക്ക് സ്വതന്ത്ര ചിന്തയും, നവോത്ഥനത്തിന്റെ അറിവുകളും എത്തിക്കുകയെന്നത് ഒരു പ്രയത്നമാണ്. പ്രതിരോധം അത്രശക്തമാണ്. നിരീശ്വരവാദി, ചെകുത്താന് സേവക്കാര്‍, ദൈവത്താല്‍ വെറുക്കപ്പെട്ടവര്‍, ആത്മാവു നഷ്ടപ്പെട്ടവര്‍, അരാജകവാദികള് അങ്ങനെ സ്വതന്ത്ര ചിന്തകരെക്കുറിച്ചുള്ള വിശേഷണങ്ങളുടെ നിര നീണ്ടതാണ്. സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരില്‍ നിന്ന് എന്താണ് നിങ്ങള്‍ ഭയപ്പെടുന്നത് എന്ന് ഒരു വിശ്വാസിയോട് ചോദിച്ചാല്‍ അതിനുത്തരം പറയാന്‍പോയിട്ട് അടുത്ത പറമ്പില്‍ പോലും അവന് നില്‍ക്കില്ല. കാരണം അവന് അതിബുദ്ധിമാനാണ് – തലവച്ചുതന്നാലല്ലേ തലയില്‍ വെളിച്ചം കയറൂ!
esSENSE Ukയുടെ ആഭിമുഖ്യത്തില്‍ മെയ് 6ന് ലണ്ടനില്‍വെച്ചു നടത്തപ്പെടുന്ന Hominem’19 എന്ന കോണ്‍ഫറന്‍സ് സാമൂഹിക മാറ്റങ്ങള്‍ക്കായി ഒരുക്കൂട്ടം ചിന്തകരും, സാമൂഹിക പരിഷ്കര്‍ത്താക്കളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ്. ഈ പരിപാടിയുടെ സംഘാടകര്‍ ബ്രിട്ടനിലെങ്ങുമുള്ള മലയാളികളെ സ്വാഗതം ചെയ്യുകയാണ്. കേരളത്തിന്റെ സമകാലീന നവോത്ഥാന സാമൂഹിക മണ്ഡലത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉജ്ജ്വല പ്രഭാഷകരായ സി. രവിചന്ദ്രനേയും, വൈശാഖന് തമ്പിയേയും ശ്രവിക്കാന്‍, അവരോടു സംവാദിക്കാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരുടെ ബൗദ്ധിക പ്രഭാമണ്ഡലത്തെ വെല്ലുവിളിക്കാന്‍.
മതങ്ങള്‍ സൃഷ്ടിക്കുന്ന ‘സ്വപ്നാടനങ്ങളില്‍’ രമിക്കുന്ന ഒരു സമൂഹം, ആ സമൂഹത്തിന്റെ ചിന്താവൈകല്യങ്ങള്‍, അജ്ഞതകള്‍, അനാചാരങ്ങള്‍, അടിച്ചമര്‍ത്തലുകള്‍, മനുഷ്യവര്‍ഗ്ഗത്തിന്റെ അടിവേരറക്കുന്ന വംശവെറി: സി. രവിചന്ദ്രന്റെ പ്രഭാഷണം അടച്ചുപൂട്ടിയ പല കോട്ടകൊത്തളങ്ങളിലും ചിന്താപ്രകമ്പനങ്ങള് സൃഷ്ടിക്കും.
പ്രപഞ്ച സൃഷ്ടിയുടെ മൂലഘടകങ്ങളേകുറിച്ചും, അതിന്റെ കാലക്രമങ്ങളെക്കുറിച്ചും ആധുനികശാസ്ത്രം വ്യക്തമായിത്തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. അതിന്റെ ആധികാരികത മതങ്ങളുടെ അസ്തിത്വത്തെ തന്നെ വേരോടെ പിഴതെറിയുന്ന കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. ‘പാളിപ്പോയ പരികല്പന’ എന്ന വൈശാഖന് തമ്പിയുടെ പ്രഭാഷണം മേല്പറഞ്ഞ പശ്ചാത്തലത്തില്‍ ഏറ്റവും കാലോചിതം എന്നുവേണം കരുതാന്‍. തന്റെ സരളമായ വ്യാഖ്യാന ശൈലിയിലൂടെ, ആധുനിക ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായി, മതപ്രേരിതമായ വിശ്വാസങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാനാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രമിക്കുന്നത്.
Hominem’19-ലൂടെ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. ബ്രിട്ടനിലെ മലയാളി സമൂഹത്തോട് നിവര്‍ന്നുനിന്ന് ഒരുകൂട്ടം സ്വതന്ത്രചിന്തകര്‍ പറയുകയാണ്: ശാസ്ത്രമാണ് സത്യം, മാനവികതയാവട്ടേ നമ്മളുടെ മതം, വംശവെറിയുടെ കോട്ടകളെ തുറന്നുവിടുക, കൂടിക്കലരല്‍ ആണ് അതിജീവനത്തിന്റെ അടിസ്ഥാനം. അംശവടികളും, അംശവാദികളും, വംശവാദികളും നിങ്ങളുടെ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കും. കൈകള്‍ ചേര്‍ത്തുപിടിച്ചു ഒരുമിച്ച് മുന്നോട്ടു നടക്കൂ. കാലം നല്കിയ കയ്പ്പുനീരുകള്ക്ക് മറ്റെന്തുമറുപടി?
തലമുറകള്‍ക്കപ്പുറത്തേയ്ക്ക് വ്യാപിക്കാന്‍ ഉതകുന്ന ചിന്തകളെയും വ്യവസ്ഥിതികളെയും ഉദ്ധരിച്ചുകൊണ്ടും അന്ധവിശ്വാസങ്ങളയും മാമൂലുകളെയും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തുകൊണ്ടും യൂറോപ്പ് മലയാളി ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ രണ്ട് നവോത്ഥാന നായകന്മാര് ഒന്നിച്ചുചേരുന്ന ഈ മഹാ സമ്മേളനത്തിലേക്ക് വിനയപൂര്‍വം ഏവരെയും സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Bijumon Chacko – Cardiff(07940190455)
Biju George – Chichester (07397877796),
Blessen Peter – Croydon (07574339900),
Madhu Shanmughan – Newcastle (07921712184),
Manju Manumohan -London (07791169081),
Moncy Mathew – Norfolk (07786991078),
Praveen Kutty – Manchester (07904865697),
Shiju Xavier – Wales (07904661934)
Tomy Sebastian – Dublin (0879289885)
Leave a Reply