സ്വന്തം ലേഖകൻ

ലണ്ടൻ : ജപ്പാന്‍ വാഹന കമ്പനിയായ ഹോണ്ടയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ സൈബര്‍ ആക്രമണം. ഹാക്കിങ് നടന്ന വിവരം കമ്പനി തന്നെയാണ് അറിയിച്ചത്. ഹോണ്ടയുടെ കമ്പ്യൂട്ടേര്‍സ് സെര്‍വറുകളെ ആക്‌സസ് ചെയ്യാനും ഇമെയില്‍ ഉപയോഗിക്കാനും മറ്റുമാണ് ഹോണ്ട ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നത്. അതിനാൽ തന്നെ ബ്രിട്ടനിലെ നിർമാണപ്രവർത്തനങ്ങൾ കമ്പനി നിർത്തിവെച്ചു. ആഘാതം കുറയ്ക്കുന്നതിനും ഉൽപാദനം, വിൽപ്പന എന്നിവ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കമ്പനി അറിയിച്ചു. ജപ്പാനിനു പുറത്തുള്ള പ്രൊഡക്ഷന്‍ ഹൗസുകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്.

മോട്ടോർ സൈക്കിളുകൾ, കാറുകൾ, ജനറേറ്ററുകൾ തുടങ്ങിയവ നിർമ്മിക്കുന്ന സ്ഥാപനം അതിന്റെ കമ്പ്യൂട്ടർ സെർവറുകളിലൊന്ന് ആക്രമിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തി. ഹോണ്ട നിലവിൽ സ്വിൻഡോണിൽ ഒരു ഫാക്ടറി നടത്തുന്നുണ്ട്. അവിടെ സിവിക് കാറുകൾ നിർമ്മിക്കുന്ന ഫാക്ടറി 2021ഓടെ അവസാനിപ്പിക്കാനാണ് പദ്ധതി. വടക്കേ അമേരിക്ക, തുർക്കി, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിലെ മറ്റ് പ്രവർത്തനങ്ങൾ നിർത്തിവച്ചതോടൊപ്പം യുകെ പ്ലാന്റിലെ ജോലികൾ നിർത്തിവച്ചിരിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകൾ പുനഃസ്ഥാപിച്ച് ഈ ആഴ്ച അവസാനം ഓൺലൈനിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അറിയിച്ചു. മറ്റു വിവരങ്ങൾ നൽകാൻ കമ്പനി തയ്യാറായില്ല.

  വേനൽക്കാലം ആഘോഷമാക്കുന്നതിനിടയിൽ നിങ്ങൾക്ക് അലർജിയോ ?? ഇതാ ചില നുറുങ്ങു വിദ്യകൾ

റാന്‍സംവേര്‍ എന്ന ഹാക്കിംഗ് ആയിരിക്കാനാണ് സാധ്യത എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഈ ഹാക്കിംഗ് രീതിയാണെങ്കില്‍ കമ്പനിയുടെ ഐ.ടി സിസ്റ്റം ഹോണ്ടയില്‍ നിന്നും വേര്‍പെടുത്തി ലോക്ക് ചെയ്തിരിക്കാനാണ് സാധ്യത. ഇതിനാലാണ് തൊഴിലാളികൾക്ക് അവധി കൊടുത്തു പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഹോണ്ട നിർബന്ധിതരായത്. 400 ലധികം ഗ്രൂപ്പ് അഫിലിയേറ്റ് കമ്പനികളിലുടനീളം ഹോണ്ടയിൽ ലോകമെമ്പാടുമായി 220,000 ആളുകൾ ജോലി ചെയ്യുന്നുണ്ട്.