ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം പിൻവലിച്ചു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ബിൽ പിൻവലിക്കുന്നതായി കാരി ലാം അറിയിച്ചത്. രാജ്യാന്തര സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ചൈന ഭരണകൂടം ബിൽ പിൻവലിക്കാനുള്ള തീരുമാനമെന്നാണ് വിവരം. എന്നാൽ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ബില്ല് പിൻവലിക്കുകയെന്നതെന്നും ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നാണ് സമരക്കാർ അറിയിച്ചു.

ബിൽ പിൻവലിക്കാൻ അനുവദിക്കണമെന്ന് കാരി ലാം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന അനുവദിക്കാത്തതിനാൽ അവർ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഹോങ്കോങ്ങിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാരി ലാം വോദനിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഓഡിയോ പുറത്തുവന്നിരുന്നു. എന്നാൽ രാജിക്കാര്യം കാരി നിഷേധിച്ചിട്ടുണ്ട്. ബിൽ പിൻവലിക്കുന്നതോടോപ്പം പ്രക്ഷോഭത്തനിടെ നടന്ന പൊലീസ് ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാൻ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും കാരി അറിയിച്ചു. പൊലീസ് അതിക്രമത്തിനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നായിരുന്നു സമരക്കാരുടെ ഒരു ആവശ്യം.

കഴിഞ്ഞ ഏപ്രിലിലാണ് കുറ്റവാളി കൈമാറ്റ ബിൽ എതിർപ്പുകൾ മറികടന്ന് ഹോങ്കോങ് സർക്കാർ കൊണ്ടുവരുന്നത്. ജൂൺ മുതൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികളടക്കം തെരുവിലിറങ്ങി. സമരത്തിൽ ഇതുവരെ 1000 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വിമാനത്താവളം പ്രക്ഷോഭകൾ കൈയ്യേറിയതിനെ തുടർന്ന് എല്ലാ വിമാനങ്ങളും റദ്ദു ചെയ്തിരുന്നു. ചൈനയുടെ പദ്ധതികളെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ മെയിൻലാൻഡിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്ന ഒന്നാണ് ഈ ഭേദഗതി ബില്ലെന്നാണ് പ്രക്ഷോഭകർ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1997 ൽ ഹോങ്കോങ് ചൈനയ്ക്കു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചശേഷം ഇത്രയും ഗൗരവമാർന്ന പ്രക്ഷോഭം ഹോങ്കോങ്ങിൽ ആദ്യമാണ്. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോങിന് ചൈനയിൽ നിന്ന് സ്വയംഭരണാവകാശം ലഭിച്ചപ്പോൾ അതുവരെ അവിടെ നിലനിന്നിരുന്ന ജനാധിപത്യ സംവിധാനവും മറ്റു പൗരാവകാശങ്ങളും നിലനിർത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. അങ്ങനെ ‘ഒരു രാഷ്ട്രം, രണ്ട് ഭരണസംവിധാനം’ എന്ന നിലയിൽ ഹോങ്കോങ്ങിൽ പാശ്ചാത്യ മാതൃകയിലുള്ള വിപണിയും ജനാധിപത്യാവകാശങ്ങളും തുടർന്നുപോന്നു. ന്യൂയോർക്കും ലണ്ടനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ഹോങ്കോങ് മാറുകയും ചെയ്തു.

എന്നാൽ, കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവരെ ചൈനയിൽ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ബ്രിട്ടിഷ് മാതൃകയിൽ പ്രവർത്തിക്കുന്ന ഹോങ്കോങ്ങിലെ കോടതികൾക്കു പകരം കമ്യൂണിസ്റ്റ് പാർട്ടിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോടതികളിൽ നടക്കുന്ന വിചാരണ നീതിനിഷേധമാവുമെന്ന് ഹോങ്കോങ് ജനത ഭയപ്പെടുന്നു. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ് ഹോങ്കോങ് ഏതാനും മാസങ്ങളായി കണ്ടത്.