ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോങ്കോങ് : ടിയാനൻമെൻ കൂട്ടക്കൊലയുടെ സ്മാരകമായി ഹോങ്കോങ് സർവകലാശാലയിൽ സ്ഥാപിച്ചിരുന്ന പ്രതിമ നീക്കം ചെയ്തു. ബുധനാഴ്ച രാത്രിയാണ് പ്രതിമ നീക്കം ചെയ്തത്. ‘അപമാനത്തിന്റെ സ്തംഭം’ എന്ന് അറിയപ്പെടുന്ന പ്രതിമ നീക്കം ചെയ്യാൻ സർവകലാശാല നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ടിയാനൻമെൻ കൂട്ടക്കൊല അനുസ്മരിപ്പിക്കുന്ന ഏതാനും പൊതു സ്മാരകങ്ങൾ മാത്രമാണ് ഹോങ്കോങ്ങിൽ ഇനി അവശേഷിക്കുന്നത്. ഹോങ്കോങ്ങിലെ രാഷ്ട്രീയ വിയോജിപ്പുകളെ ചൈന കൂടുതലായി അടിച്ചമർത്തുന്ന സാഹചര്യത്തിലാണ് ഈ നീക്കം ചെയ്യൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർവ്വകലാശാല അധികൃതർ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടി തിരിച്ചതിന് ശേഷമാണ് പ്രതിമ നീക്കം ചെയ്തത്. 26 അടി ഉയരമുള്ള ചെമ്പ് പ്രതിമ 24 വർഷമായി സർവ്വകലാശാല ക്യാമ്പസിൽ ഉണ്ടായിരുന്നു. 2020-ൽ, കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി, 30 വർഷത്തിനിടെ ആദ്യമായി ടിയാനൻമെൻ വാർഷിക അനുസ്മരണം ഹോങ്കോംഗ് അധികൃതർ നിരോധിച്ചിരുന്നു.

ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിന്റെ ഹൃദയഭാഗത്തുള്ള ഒരു ചത്വരമാണ് ടിയാനൻമെൻ സ്ക്വയർ. 1989-ൽ, ജനാധിപത്യം വരണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ വിദ്യാർഥികളെ ചൈനീസ് പട്ടാളം കൂട്ടക്കൊല ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണം മാറണമെന്നതായിരുന്നു അവരുടെ ആവശ്യം. ചൈനീസ് ഗവൺമെന്റിലെ അഴിമതിക്കെതിരെയുള്ള പ്രക്ഷോഭമായി ഇത് മാറി. ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധാർഹം തടിച്ചു കൂടിയിരുന്ന ആയിരക്കണക്കിന് കോളേജ് വിദ്യാർഥികളെ പട്ടാളം വെടിവെച്ചു കൊന്നു. വിദ്യാർഥികളുടെ ശരീരത്തിലൂടെ സൈനികർ പീരങ്കികൾ കയറ്റിയിറക്കി. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെയാണ് ടിയാനൻമെൻ കൂട്ടക്കൊല എന്ന് വിളിക്കുന്നത്.