വെള്ളമുണ്ട: വിഷമദ്യം കഴിച്ച് വയനാട്ടില്‍ ബന്ധുക്കളായ മൂന്നു പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് മദ്യം കഴിച്ച തിഗിനായി ബുധനാഴ്ച ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ തിഗിനായി മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ക്ക് അസ്വഭാവികത തോന്നിയിരുന്നില്ല.

തിഗിനായിയുടെ മൃതദേഹം വീട്ടിലെത്തിച്ചതിനു ശേഷം രാത്രി പത്തരയോടെ അടുക്കളയില്‍ കണ്ട മദ്യം മകനായ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും ചേര്‍ന്ന് കഴിച്ചു. കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. പ്രമോദ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസും എക്‌സൈസ് അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന തിഗിനായുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാറ്റി. തിഗിനായി കുട്ടികളുടെ രോഗത്തിനും മറ്റും ചരടുകെട്ടിക്കൊടുക്കാറുണ്ടായിരുന്നു. ഇതിനായി എത്തിയവര്‍ നല്‍കിയ തമിഴ്‌നാട് നിര്‍മ്മിത മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് കരുതുന്നത്.