മലയാളം യുകെ ന്യൂസ് ടീം.

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം വർദ്ധിപ്പിക്കണമെന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ആവശ്യത്തോടുള്ള അനുഭാവ പൂർണമായ ആദ്യ നടപടിയായ ശമ്പള വർദ്ധന കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന സംസ്ഥാനത്തെ 200 ഓളം ഹോസ്പിറ്റലുകളിൽ ഇന്നു നടപ്പിൽ വരുമെന്ന് കരുതുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നഴ്സുമാർക്ക് 18,232 രൂപ മുതൽ 23,760 വരെ ശമ്പളം ഹോസ്പിറ്റലുകളിലെ ബെഡുകളുടെ എണ്ണമനുസരിച്ച് നല്കണമെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്. കേരളത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വരുന്ന നഴ്സുമാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യമായ ശമ്പള  വർദ്ധന പൊതുജന മധ്യത്തിൽ അവതരിപ്പിക്കാനും ഗവൺമെൻറിനെയും ഹോസ്പിറ്റൽ മാനേജ്മെന്റുകളെയും അനുഭാവപൂർണമായ നിലപാടിലേക്ക് കൊണ്ടു വരാനും സാധിച്ചത് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ ശക്തമായ പ്രവർത്തനം വഴിയാണ്.

കെസിബിസിയുടെ നിർദ്ദേശം കേരളത്തിലെ കാത്തലിക് മാനേജ്‌മെന്റുകളുടെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ പ്രാബല്യത്തിൽ വരുന്ന പക്ഷം ഇന്നു മുതൽ 600 മുതൽ 800 രൂപ വരെ നഴ്സുമാർക്ക് ദിവസ വേതനം ലഭിക്കും. ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു. യു എൻ എ ആവശ്യപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള ശമ്പളം ലഭിക്കണമെങ്കിൽ ഇനിയും ഏറെ കടമ്പകൾ കടക്കേണ്ടി വരും.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ സംസ്ഥാന കൗൺസിൽ യോഗം ഓഗസ്റ്റ് ഒന്നിന് തൃശൂരിൽ നടക്കും. തൃശൂർ അശ്വിനി, എറണാകുളം ലിസി, കോട്ടയം ഭാരത് അടക്കമുള്ള ഹോസ്പിറ്റലുകളിലെ മാനേജ്മെൻറുകൾ നഴ്സുമാർക്ക് എതിരെ സ്വീകരിച്ചിരിക്കുന്ന പ്രതികാര നടപടികൾക്കെതിരെ ശക്തമായ പ്രതികരണത്തിന് യുഎൻഎ തയ്യാറെടുക്കുകയാണ്. സമരമുഖത്തുള്ള നഴ്സുമാർക്ക് കൂടുതൽ പിന്തുണ നല്കാനും ശമ്പള വർദ്ധന നടപ്പാക്കുന്നത് ത്വരിതപ്പെടുത്താനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് അറിയുന്നു.  സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്ക് എതിരെ പ്രതികാര നടപടിയുമായി മാനേജ്മെൻറുകൾ മുന്നോട്ട് പോയാൽ ശക്തമായ സമരമാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് യുഎൻഎ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ആരോഗ്യമേഖല സ്തംഭനത്തിലേക്ക് പോവുന്ന അവസ്ഥ സൃഷ്ടിക്കാൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് യുഎൻഎ പറഞ്ഞു.

സംസ്ഥാന കൗൺസിൽ യോഗത്തിൽ സംഘടന കൂടുതൽ ശക്തമാക്കാനുള്ള നടപടികളും, വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. സമരങ്ങൾ കൂടുതൽ ശകതിപ്പെടുത്തുന്നതിനും, പ്രതികാര നടപടികൾക്കെതിരായി സുശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. കൂടുതൽ വിഷയങ്ങളിൽ നിയമ പോരാട്ടം നടത്താൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. കൗൺസിലിന്റെ തീരുമാനങ്ങൾക്ക് വിധേയമായി കൂടുതൽ പ്രഖ്യാപനങ്ങളും അവ നടപ്പിലാക്കാനുള്ള കാര്യങ്ങളും ഉണ്ടാകും. യൂണിറ്റ് ഭാരവാഹികൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് സംസ്ഥാന കൗൺസിൽ യോഗം. 500 ലധികം അംഗങ്ങൾ പങ്കെടുക്കും.രാവിലെ 10.30 മുതൽ വൈകുന്നേരം വരെ കമ്മിറ്റി നീണ്ടു നിൽക്കും. യുഎൻഎയുടെ നിയമ നിർമ്മാണ കമ്മിറ്റിയാണ് സംസ്ഥാന കൗൺസിൽ.

കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞു. KCBC ഇറക്കിയിരിക്കുന്ന സർക്കുലർ ഹോസ്പിറ്റൽ മാനേജ്മെൻറുകൾ നടപ്പാക്കാനായി നല്കിയിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്.

അർഹതപ്പെട്ട അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് ലഭിക്കാത്തത് അനീതിയാണ് എന്നും ഇക്കാര്യത്തിൽ കേരള ഗവൺമെന്റിനാണ് ക്രിയാത്മക ഇടപെടൽ നടത്താൻ സാധിക്കുക എന്നും കാത്തലിക് ഹെൽത്ത് അസോസിയേഷന്റെ ഡയറക്ടർ ജനറൽ അഭിപ്രായപ്പെട്ടു. CHAl യുടെ കീഴിൽ വരുന്ന മെമ്പർ ഹോസ്പിറ്റലുകൾ ഗവൺമെൻറ് നിർദ്ദേശിക്കുന്ന ശമ്പളം നല്കണം. CHAI യ്ക്ക് ഇത് നിർദ്ദേശിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. നടപ്പാക്കാനുള്ള അധികാരമില്ല. കാരണം ഓരോ ഹോസ്പിറ്റലുകളും ഓരോ വ്യത്യസ്ത മാനേജ്മെന്റുകളുടെ കീഴിലാണ്. പല ഹോസ്പിറ്റലുകളും രൂപതകളുടെ നിയന്ത്രണത്തിലാണ്. മിക്കവയും സ്വതന്ത്രമായ നിലയിൽ പ്രവർത്തിക്കുന്നവയുമാണ്. ഇക്കാര്യത്തിൽ ഗവൺമെന്റിനു മാത്രമേ അധികാരം ഉപയോഗിക്കാനാവുകയുള്ളൂ എന്ന് CHAI ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹാം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നഴ്സുമാർക്ക് നല്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്ന സംസ്ഥാന വ്യാപകമായ പണിമുടക്ക് ജൂലൈ 20ന് മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. ശമ്പള വർദ്ധനയ്ക്ക് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യുഎൻഎയ്ക്ക് ഉറപ്പു നല്കിയിരുന്നു.