ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയുള്ള പുതിയ നിയമം വരുമ്പോൾ അവർ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ലണ്ടനിലെ പ്രശസ്തമായ ആശുപത്രിയുടെ മേധാവി. ഏപ്രിൽ മുതൽ ഇംഗ്ലണ്ടിലെ മുൻനിര എൻഎച്ച്എസ് ജീവനക്കാർ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചിരിക്കണം, ഇവ സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു സ്‌ഥാനത്തേക്ക് ഇവർ മാറ്റപ്പെടും. തന്റെ കീഴിലുള്ള 14,000 ജീവനക്കാരിൽ പത്തു ശതമാനത്തോളം പേർ ഇനിയും വാക്സിനേഷൻ സ്വീകരിച്ചിട്ടില്ല എന്ന് കിംഗ്സ് കോളേജ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ക്ലൈവ് കേ പറഞ്ഞു. ജീവനക്കാരെ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുവാൻ താനൊരിക്കലും നിർബന്ധിക്കുകയില്ലെന്നും അതിനായി പക്ഷേ അവരെ പ്രോത്സാഹിപ്പിക്കുക എന്നും ക്ലൈവ് കേ പറഞ്ഞു. എന്നാൽ ജീവനക്കാർ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള സാധ്യതയേറെയാണ്. വാക്സിനേഷൻ സ്വീകരിക്കുവാൻ നിരവധി മുൻനിര ജീവനക്കാർ വിമുഖത കാണിക്കുന്നുണ്ട് എന്നും, അതിനാൽ ഈ നിയമം നടപ്പിലാക്കേണ്ടി വന്നാൽ തനിക്ക് കാര്യക്ഷമവും കഴിവുള്ളവരുമായ നിരവധി ജീവനക്കാരെ നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രോഗികളെ സുരക്ഷിതമായി പരിചരിക്കുവാൻ മതിയായ ജീവനക്കാരില്ലാത്ത അവസ്ഥ ഉണ്ടാക്കും.

ഇതേസമയം നാദിം സഹവി സർക്കാരിന്റെ ഈ നയത്തെ ശരിയായ തീരുമാനമായി വാദിച്ചു. ഇംഗ്ലണ്ടിലെ നിയമപ്രകാരം ഏപ്രിൽ ആദ്യം മുതൽ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന എൻഎച്ച്എസ് ജീവനക്കാർ കോവിഡിനെതിരെ വാക്സിനേഷൻ സ്വീകരിച്ചിരിക്കണം. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും സമാനമായ നയം ഇതിനോടകം കൊണ്ടുവന്നിട്ടുണ്ട്. കെയർ ഹോമുകൾക്ക് ഈ മുന്നറിയിപ്പ് ലഭിച്ചതോടെയുള്ള ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പ്രതിസന്ധിയുടെ ആക്കം കൂട്ടും.

പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കാത്തതിനെ തുടർന്ന് പിരിച്ചുവിടൽ ഭീഷണി നേരിടുന്ന ഒരു ഡോക്ടർ ഈ വാരാന്ത്യത്തിൽ ആരോഗ്യ സെക്രട്ടറി സാജിദ് ജാവീദിനെ വെല്ലുവിളിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ഐസിയു കൺസൾട്ടന്റായ ഡോക്ടർ സ്റ്റീവ് ജെയിംസ് തനിക്ക് കോവിഡ് പിടിപ്പെട്ടതിനുശേഷം ഇതിനോടകംതന്നെ ശരീരത്തിൽ ആവശ്യമായ ആന്റിബോഡികൾ ഉണ്ടെന്ന് വധിച്ചു. വാക്സിനേഷൻ സ്വീകരിക്കുക എന്നത് വ്യക്തിപരമായ താല്പര്യം ആയിരിക്കണം എന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.