ന്യൂസ് ഡെസ്ക് മലയാളം യുകെ

പകർച്ചവ്യാധിയെ തുടർന്ന് മരിച്ച ആരോഗ്യ, സാമൂഹിക, പരിപാലന പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന യുകെയിൽ ഉടനീളം പ്രാബല്യത്തിലുള്ള പദ്ധതി അവസാനിപ്പിച്ചതിനെ തുടർന്ന് സർക്കാരിനെതിരെയുള്ള എതിർപ്പ് ശക്തം. ജോലിസ്ഥലത്തുനിന്ന് കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഇനിമുതൽ 60,000 പൗണ്ട് നഷ്ടപരിഹാരത്തിന് അർഹതയില്ല. ഈ പദ്ധതി നിർത്താൻ ഉള്ള സമയം ഇതുവരെ ആയിട്ടില്ലെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) പറഞ്ഞു. അതേസമയം എല്ലാ പദ്ധതികളും സമയപരിധി ഉള്ളതാണെന്നും മറ്റ് മരണാനന്തര ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. എന്നാൽ ലൈഫ് അഷ്വറൻസ് പെയ്മെന്റ് നീട്ടണമെന്ന ആവശ്യവുമായി ആർസിഎൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കത്തയച്ചു. എൻഎച്ച്എസ് ജീവനക്കാരെ ഗുരുതരമായ കോവിഡിനെതിരെ സംരക്ഷിക്കാനായി വാക്സിൻ ഒരു പരിധിവരെ സഹായിക്കുന്നുണ്ടെങ്കിലും ചില മരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ട്.

ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നീ സ്ഥലങ്ങളിലെ ഔദ്യോഗിക രേഖകൾ പ്രകാരം 2021 ഡിസംബർ മുതൽ ജോലി സ്ഥലത്തെ സമ്പർക്കം ഉൾപ്പെടെയുള്ള കാരണങ്ങളാൽ 304 എൻഎച്ച്എസ് ജീവനക്കാരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഈ പദ്ധതി ഇപ്പോൾ അവസാനിപ്പിക്കുന്നത് ആരോഗ്യ-സാമൂഹിക മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരോടുള്ള അനാദരവാണെന്ന് ആർസിഎൻ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് കുള്ളൻ പറഞ്ഞു. ഈ വർഷം കോവിഡ് മൂലം ജീവൻ നഷ്ടമാകുന്ന നേഴ്സിംഗ് സ്റ്റാഫുകളിലെ ഒരംഗത്തിന് പോലും 2020ലോ 2021ലോ മരിച്ചവരേക്കാൾ കുറഞ്ഞ ബഹുമാനവും കുടുംബ പിന്തുണയും ലഭിക്കരുതെന്ന് ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ അവർ പറയുന്നു. നേഴ്സിംഗ് സ്റ്റാഫുകൾക്കും എല്ലാ ആരോഗ്യ,പരിചരണ തൊഴിലാളികൾക്കും തങ്ങളുടെ ജീവൻ പകർച്ചവ്യാധിയിൽ നിന്നുള്ള അപകടത്തിൽ അല്ല എന്ന് ഉറപ്പു വരുന്ന സമയം വരെയും പദ്ധതി അവസാനിപ്പിക്കരുതെന്ന അഭ്യർത്ഥനയും അവർ മുന്നോട്ടുവെച്ചു.