കൊട്ടാരക്കരയിലെ ബത്തൽ ചരുവിള സ്വദേശി ഐസക് ജോർജ് (33) അപകടത്തിൽപ്പെട്ടു മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം തന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവിതം സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ ഉൾപ്പെടെ പ്രധാന അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് മാറ്റിവച്ചു .
ഐസകിന്റെ ഹൃദയം കൊച്ചിയിലെ 28 കാരനായ ആജിൻ ഏലിയാസിന് വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. രണ്ട് കണ്ണുകൾ തിരുവനന്തപുരം ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ മാറ്റിവെച്ചു. മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്ക് ജീവൻ നൽകി.
സെപ്റ്റംബർ 8ന് രാത്രി 8 മണിയോടെ കൊട്ടാരക്കരയിലെ പാല്ലിമുക്ക് ഈസ്റ്റ് സ്ട്രീറ്റിലെ സ്വന്തം റസ്റ്റോറന്റിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു ബൈക്ക് ഇടിച്ചുവീണാണ് ഐസക്കിന് അപകടം സംഭവിച്ചത്. ഉടൻ കൊട്ടാരക്കര ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും സെപ്റ്റംബർ 10ന് *ബ്രെയിൻ ഡെഡ് ആയി സ്ഥിരീകരിച്ചു.
ഈ ഘട്ടത്തിലാണ് കുടുംബം അവയവദാനത്തിന് അനുമതി നൽകിയത്. ഭാര്യ നാൻസി മേരിയം സാം , രണ്ട് വയസ്സുള്ള മകൾ അമീലിയ നാൻസി ഐസക്, അമ്മ മറിയമ്മ ജോർജ് എന്നിവർ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം മാനിച്ചാണ് തീരുമാനമെടുത്തത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് , ഐസകിന്റെ കുടുംബത്തെ അഭിനന്ദിക്കുകയും അവയവങ്ങളുടെ സുരക്ഷിത ഗതാഗതത്തിനായി പ്രവർത്തിച്ച KSOTTO, പോലീസ്, ജില്ലാ ഭരണകൂടം, ഡോക്ടർമാർ, ആംബുലൻസ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഹൃദയം എറണാകുളത്തേക്ക് എത്തിക്കാൻ ഹോം ഡിപ്പാർട്മെന്റ് ഹെലികോപ്റ്റർ ഉപയോഗിക്കുകയും, പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ, ആരോഗ്യപ്രവർത്തകർ നിരയായി നിന്ന് ലാസ്റ്റ് പോസ്റ്റ് നൽകി ഐസകിനെ സല്യൂട്ട് ചെയ്ത യാത്രയപ്പ് കണ്ണീരോടെയാണ് എല്ലാവരും കണ്ടത്. ഐസകിന്റെ അവയവദാന തീരുമാനം സമൂഹത്തിനുമുന്നിൽ വലിയൊരു സന്ദേശമായി മാറിയതിനാലാണ് സാധാരണ രോഗിക്ക് ഒരിക്കലും ലഭിക്കാത്ത ഇത്തരം യാത്രയപ്പ് ആരോഗ്യപ്രവർത്തകർ ഒരുക്കിയത്..
ഐസകിന്റെ ശവസംസ്കാരം സെപ്റ്റംബർ 13-ന്, ശനിയാഴ്ച, ബത്തൽ ചരുവിളയിലെ വീട്ടിൽ നടക്കും.
Leave a Reply