അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗണിന് ശേഷം എല്ലാം ശരിയാകും എന്ന് കരുതിയിരിക്കുമ്പോഴാണ് ഡിസംബർ രണ്ടിന് ശേഷം പ്രാദേശിക നിയന്ത്രണങ്ങളുള്ള ടയർ2, ടയർ3 സംവിധാനം നിലവിൽ വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ക്രിസ്മസിന് തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലും പുനഃസമാഗമവും പ്രതീക്ഷിച്ചിരുന്ന സമയത്തുള്ള പുതിയ നിയന്ത്രണങ്ങളിൽ യുകെയിലെങ്ങും ശക്തമായ എതിർപ്പുകൾ ഉയരുകയാണ്. സ്വന്തം മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ തന്നെയുള്ള എംപിമാരുടെയും എതിർപ്പുകളെയാണ് പ്രധാനമന്ത്രിയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ക്രിസ്മസിന് മുമ്പായി കോവിഡ് വാക്സിൻ പരമാവധി ആൾക്കാർക്ക് നൽകാനുള്ള തയ്യാറെടുപ്പുകളുമായി ബോറിസ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിൻറെ ഭാഗമായി എത്രയും പെട്ടെന്ന് കോവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നിർദ്ദേശം ആശുപത്രികൾക്ക് നൽകിക്കഴിഞ്ഞു.

ആദ്യപടിയായി ഉടനെ തന്നെ ഫൈസറിൻെറ വാക്സിൻ യുകെയിൽ എത്തിച്ചേരുമെന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഡിസംബർ 7, 8, 9 തീയതികളിലായി രാജ്യത്തെ ആശുപത്രികളിൽ വാക്‌സിൻ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്. വാക്‌സിൻ എത്തിചേർന്നാലും പൊതുജനങ്ങൾക്ക് എന്ന് കുത്തിവയ്പ്പ് എടുക്കാനാവും എന്നത് അടുത്ത് കടമ്പയായി അവശേഷിക്കുന്നു. കാരണം മുൻഗണനാക്രമത്തിലാവും വാക്സിൻ വിതരണം നടത്തുക. എൻഎച്ച്എസ് പ്രവർത്തകർ, കെയർ ഹോമുകളിലെ അന്തേവാസികൾ, സാമൂഹ്യപ്രവർത്തകർ എന്നിവർക്കാകും മുൻഗണന നൽകുക. 40 ദശലക്ഷം ഡോസ് ഫൈസർ വാക്‌സിനാണ് യുകെ ഓർഡർ ചെയ്തിരിക്കുന്നത്. മുഴുവൻ ഡോസ് ലഭ്യമായാൽ 20 ദശലക്ഷം ആൾക്കാർക്ക് വാക്‌സിനേഷൻ നൽകാനാവും. എന്നാൽ ആദ്യ ഘട്ടത്തിൽ എത്ര ഡോസ് വാക്‌സിൻ യുകെയ്ക്ക് ലഭ്യമാകുമെന്ന് അറിവായിട്ടില്ല.