ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാളും നഴ്‌സുമാരെക്കാളും കൂടുതല്‍ നിരക്കില്‍ റിക്രൂട്ട്   ചെയ്യുന്നത് മാനേജര്‍മാരെയെന്ന് റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2013ന് ശേഷം എന്‍എച്ച്എസ് 3,600 മാനേജര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 8300 ഡോക്ടര്‍മാരെയും 7000 നഴ്‌സിംഗ് സ്റ്റാഫിനെയുമാണ് ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നത്. മാനേജര്‍മാരെ റിക്രൂട്ട് ചെയ്യുന്ന നിരക്കില്‍ 16ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അധിക ഡോക്ടര്‍മാരെ നിയമിക്കുന്ന നിരക്കില്‍ ഉണ്ടായി വര്‍ദ്ധനവ് വെറും 8 ശതമാനവും നഴ്‌സിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ 2 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ എന്‍എച്ച്എസ് നഴ്‌സിംഗ് ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത് മാനേജര്‍മാരുടെ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനായിട്ടാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഇക്കര്യം സംബന്ധിച്ച കൃത്യമായ പ്രതികരണം പുറത്ത് വന്നിട്ടില്ല. അതേസമയം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്ക് പ്രതിഷേധാര്‍ഹമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. മികവുറ്റ നഴ്‌സുമാരെ പരിശീലിപ്പിക്കുന്നതില്‍ നേരിടുന്ന പരാജയം മേഖലയില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യതയുണ്ടാക്കുമെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞു. എന്‍എച്ച്എസ് സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സമീപ കാലത്ത് എആന്‍ഇ (അടിയന്തര ചികിത്സ) വെയിറ്റിംഗ് ടൈമില്‍ സര്‍വകാല റെക്കോഡില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന കാര്യവും ഇതോടപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

2013 ഡിസംബറിനും 2017 ഡിസംബറിനും ഇടയ്ക്ക് ഇഗ്ലണ്ടിലെ മുക്കാല്‍ ഭാഗം വരുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളും മാനേജര്‍മാരെ നിയമിക്കുന്ന നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരമുള്ള കണക്കുകളാണിത്. കുറഞ്ഞ വേതന നിരക്ക്, വര്‍ദ്ധിച്ചു വരുന്ന ജോലി സമ്മര്‍ദ്ദം, മികച്ച നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കുന്നതിലുള്ള പരാജയം തുടങ്ങിയവയാണ് ഇന്ന് എന്‍എച്ച്എസ് നേരിടുന്ന നഴ്‌സിംഗ് ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് ജനറല്‍ സെക്രട്ടറിയുമായ ജനറ്റ് ഡേവിസ് വ്യക്തമാക്കുന്നു. അതേ സമയം എന്‍എച്ച്എസ് മാനേജര്‍മാര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് അധികൃതര്‍ പ്രതികരിച്ചു. റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ആവശ്യമായി അത്രയും മാനേജര്‍മാരെ ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.