ശരീരത്തില്‍ അപകടകരമായ വിധത്തില്‍ അലൂമിനിയം നിക്ഷേപിക്കുന്നുവെന്ന ആശങ്കയെത്തുടര്‍ന്ന് ശസ്ത്രക്രിയാ ഉപകരണത്തിന്റെ ഉപയോഗം നിര്‍ത്തിവെച്ച് ആശുപത്രികള്‍. എന്‍ഫ്‌ളോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ശസ്ത്രക്രിയക്കിടെ രോഗികളുടെ ശരീരത്തിലേക്ക് കുത്തിവെക്കുന്ന ദ്രവങ്ങള്‍ ശരീര താപനിലയിലേക്ക് എത്തിക്കാനാണ് ഉപയോഗിക്കുന്നത്. ഈ വിധത്തില്‍ നല്‍കുന്ന ശരീര ദ്രവങ്ങളില്‍ നടത്തിയ പരിശോധനകളില്‍ അനുവദനീയമായതിലും ഉയര്‍ന്ന നിരക്കില്‍ അലൂമിനിയത്തിന്റെ അംശം കണ്ടെത്തിയതോടെയാണ് എന്‍ഫ്‌ളോ പ്രതിക്കൂട്ടിലായത്. ഇത്രയും ഉയര്‍ന്ന അളവില്‍ അലൂമിനിയം ശരീരത്തിലെത്തിയാല്‍ മാസം തികയാതെ ജനിച്ചതുള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടായേക്കാം. ഈ ആശങ്ക ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും സാല്‍ഫോര്‍ഡ് റോയലും എന്‍ഫ്‌ളോയുടെ ഉപയോഗം നിര്‍ത്തി വെച്ചിരിക്കുകയാണ്.
യുകെയില്‍ നിരവധി ആശുപത്രികളില്‍ ഈ ഉപകരണം ഉപയോഗിച്ചു വരുന്നുണ്ട്. ഇത്രയും അളവില്‍ അലൂമിനിയം മനുഷ്യ ശരീരത്തില്‍ എത്തുകയെന്നത് തീര്‍ച്ചയായും ഭീതിയുളവാക്കുന്ന കാര്യമാണെന്നും ആശുപത്രികള്‍ ഈ ഉപകരണത്തിന്റെ ഉപയോഗത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും മാഞ്ചസ്റ്റിലെ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ അനസ്‌തെറ്റിസ്റ്റായ മൈക്കിള്‍ ചാള്‍സ് വര്‍ത്ത് പറയുന്നു. വിഷയം ജനുവരി 2ന് ഹെല്‍ത്ത് റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി ഏജന്‍സിയെ (എംഎച്ച്ആര്‍എ) ധരിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് റെഗുലേറ്റര്‍ അറിയിക്കുന്നത്. ശസ്ത്രക്രിയകള്‍ക്കിടെ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന രക്തം തിരികെ നല്‍കുന്നതിനും നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനുമാണ് ശരീര ദ്രവങ്ങള്‍ നല്‍കുന്നത്.
ഹൈപ്പോതെര്‍മിയ എന്ന ശരീര താപനില നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് കുത്തിവെക്കുന്നതിനു മുമ്പായി ഇവയെ ശരീര താപനിലയിലേക്ക് എത്തിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ വൈയാര്‍ മെഡിക്കല്‍ ആണ് എന്‍ഫ്‌ളോയുടെ നിര്‍മാതാക്കള്‍. അമേരിക്കയിലും യൂറോപ്പിലും ഒരു ദശാബ്ദത്തിലേറെയായി ഉപയോഗിച്ചു വരുന്ന ഈ ഉപകരണം യുകെ ആശുപത്രികളില്‍ ദിവസേന ആയിരക്കണക്കിന് ശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില ഉപകരണങ്ങളില്‍ ഹീറ്റിംഗ് എലമെന്റ് ഒരു ബയോകോംപാറ്റിബിള്‍ വസ്തിവിനാല്‍ പൊതിഞ്ഞിരിക്കും. എന്‍ഫ്‌ളോയില്‍ ദ്രവങ്ങള്‍ ലോഹഭാഗങ്ങളില്‍ നേരിട്ട് സ്പര്‍ശിക്കുന്നുണ്ട്. ഇതായിരിക്കാം ലോഹ മലിനീകരണത്തിന് കാരണമാകുന്നതെന്നാണ് നിഗമനം.
Leave a Reply