എന്‍എച്ച്എസ് ആശുപത്രികള്‍ ശസ്ത്രക്രിയാ ടാര്‍ജറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ജിപി റഫറലുകളുടെ അടിസ്ഥാനത്തില്‍ ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കായി എത്തുന്ന രോഗികള്‍ ഇപ്പോള്‍ പരമാവധി പരിധിയായ 18 ആഴ്ചകള്‍ക്കും ശേഷവും ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നോണ്‍-അര്‍ജന്റ് ചികിത്സകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നാലര മാസത്തിനു മേല്‍ ചികിത്സ കാത്തിരിക്കുന്നവരുടെ എണ്ണം 500,068 ആയതായാണ് കണക്ക്. 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

2016 ഫെബ്രുവരിക്ക് ശേഷം ആശുപത്രികള്‍ക്ക് ശസ്ത്രക്രിയകള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രിലില്‍ ആറു മാസത്തെ കാത്തിരിപ്പ് സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായത് 87.5 ശതമാനം രോഗികള്‍ക്ക് മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. അര മില്യനിലേറെ രോഗികള്‍ ഇപ്പോഴും ചികിത്സ ലഭിക്കാതെ കാത്തിരിക്കുകയാണെന്നത് വളരെ ദുഃഖകരമാണെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റ് ഇയാന്‍ ഏര്‍ഡ്‌ലി പറഞ്ഞു. 2008ലുണ്ടായതിനൊപ്പമാണ് എന്‍എച്ച്എസ് വെയിറ്റിംഗ് ലിസ്റ്റുകള്‍. മുന്‍നിര ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും ഇപ്രകാരം സംഭവിക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ഭൂരിപക്ഷം ആളുകളും ഒരു കണ്‍സള്‍ട്ടന്റ് ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലുള്ളവരാണ്. ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകേണ്ടവരാണ് ഇവരില്‍ മിക്കവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്റര്‍ സമ്മര്‍ദ്ദം മൂലമുണ്ടായ ഈ വലിയ ബാക്ക്‌ലോഗില്‍ നിന്ന് എങ്ങനെ പുറത്തു കടക്കാനാണ് എന്‍എച്ച്എസ് പദ്ധതിയെന്നത് അവ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.