ജര്‍മന്‍ കപ്പലില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടും പാന്‍ കാര്‍ഡും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അടങ്ങിയ ഫയല്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് തിരികെയേല്‍പ്പിച്ച നന്മയ്ക്ക് പൊലീസ് വക ഉപഹാരവും നന്ദിയും.
അവ കണ്ടുകിട്ടിയപ്പോള്‍ തിരികെയേല്‍പ്പിച്ച തളിക്കുളം അയിനിച്ചുവട് തോപ്പില്‍ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടില്‍ ഇമ്രാന്‍ എന്നിവരെയാണ് റെയില്‍വേ പൊലീസ് ഉപഹാരം നല്‍കി അനുമോദിച്ചത്. എസ്‌ഐ എ.അജിത് കുമാര്‍ ഇരുവര്‍ക്കും ഉപഹാരം കൈമാറി.
പാസ്‌പോര്‍ട്ടും വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനു കപ്പല്‍ ജീവനക്കാര്‍ നേടുന്ന അനുമതിപത്രവും തിരിച്ചു കിട്ടിയതില്‍പ്പെടുന്നു. ജര്‍മനിയിലെ ജോലിയില്‍ നിയമനം നേടുന്നതിന് ഏറെ പ്രാധാന്യമുള്ളവയാണിവ.തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 10, 12 ക്ലാസുകളിലെ മാര്‍ക് ലിസ്റ്റ്, ടിസി എന്നിവയാണ് ഇനി വിഷ്ണുപ്രസാദിനു തിരികെ ലഭിക്കാനുള്ളത്. ഗൂഡല്ലൂരില്‍ താമസമാക്കിയ വിഷ്ണുപ്രസാദിന് ഇവ വലിയ ബുദ്ധിമുട്ടില്ലാതെ ശരിയാക്കാനാവുമെന്ന വിശ്വാസമുണ്ട്.
10-ന് രാവിലെ 10-ന് ആണ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകള്‍ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതല്‍ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം കഴിഞ്ഞ ദിവസം മലയാള മനോരമ വാര്‍ത്തയാക്കിയിരുന്നു. പലരും ഈ വാര്‍ത്ത സമൂഹമാധ്യമം വഴി പങ്കുവയ്ക്കുകയും ചെയ്തു. വാര്‍ത്ത കണ്ട ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോള്‍ കാണപ്പെട്ട ഫയല്‍ സംശയം തോന്നി എടുത്തു പരിശോധിക്കുകയായിരുന്നു.
തൃശൂരില്‍ സ്വാദ് ഹോട്ടലില്‍ താല്‍ക്കാലികമായി ജോലിക്കു കയറിയ വിഷ്ണുപ്രസാദിന് അത്യാവശ്യമായി ഗൂഡല്ലൂരില്‍ വീട്ടിലേക്കു പോകേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നേര്‍ന്ന കുറെ വഴിപാടുകള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യ പരിപാടി. ജര്‍മനിയിലേക്കു പോകും വരെ തൃശൂരില്‍ തന്നെ ജോലി തുടരാനാണ് തീരുമാനം. പട്ടാമ്പിയിലാണു വിഷ്ണുപ്രസാദിന്റെ അച്ഛന്റെ തറവാട്.
Leave a Reply