ജൂലൈ 19 -ന് രണ്ട് ദിനങ്ങൾ കൂടി മാത്രം ശേഷിക്കുമ്പോൾ രാജ്യം നേരിടുന്നത് കടുത്ത വാദപ്രതിവാദങ്ങളാണ്. രാജ്യത്ത് ആകെ രോഗവ്യാപനം കുതിച്ചുയരുന്നു. ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 2000 ശതമാനം വരെ രോഗികളുടെ വർദ്ധനവാണ് ഒരുമാസംകൊണ്ട് എൻഎച്ച്എസ് ആശുപത്രികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലിവർപൂൾ, ബോൾട്ടൺ, ലങ്കാഷയർ എന്നിവിടങ്ങളിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജൂലൈ 19 -ന് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം മാഞ്ചസ്റ്ററിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ രോഗികളെ ചികിത്സിക്കുന്നത്. ഇന്നലെ യുകെയിൽ 48553 കേസുകളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരിലും രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി കടുത്ത വിമർശനമാണ് നേരിടുന്നത്. ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്നതു വരെ ബ്രിട്ടൻ മഹാമാരിയിൽ നിന്ന് രക്ഷപ്പെടില്ല എന്നാണ് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട്. ഗവൺമെന്റും ശാസ്ത്രജ്ഞരും ആരോഗ്യരംഗത്തെ വിദഗ്ധരും തമ്മിൽ കടുത്ത വിയോജിപ്പാണ് ഫ്രീഡം ഡേയോട് അനുബന്ധിച്ച് ഉടലെടുത്തിരിക്കുന്നത്.