ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ചെയിനായ ഹൗസ് ഓഫ് ഫ്രേസര്‍ 31 സ്‌റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് യുകെയിലെ 59 സ്റ്റോറുകളില്‍ 31 എണ്ണത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. 6000 പേര്‍ക്ക് ഇതിലൂടെ ജോലി നഷ്ടപ്പെടുമെന്നാണ് കരുതുന്നത്. സ്റ്റോറുകളിലെ 2000 പേര്‍ക്ക് നേരിട്ട് ജോലി നഷ്ടമാകുമ്പോള്‍ ബ്രാന്‍ഡ് ആന്‍ഡ് കണ്‍സഷന്‍ റോളുകളില്‍ 4000 പേരെയും അടച്ചുപൂട്ടല്‍ ബാധിക്കും. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറായ ലണ്ടന്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റ് സ്‌റ്റോറും അടച്ചു പൂട്ടുന്നവയില്‍ പെടുന്നു.
ഈ സ്റ്റോര്‍ 2019 ആദ്യം വരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഹൗസ് ഓഫ് ഫ്രേസര്‍ അറിയിച്ചു. ബിബിസി അഭിമുഖത്തില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് അലക്‌സ് വില്യംസണാണ് ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം വളരെ കഠിനമായിരുന്നെന്നും എന്നാല്‍ ലാഘവ ബുദ്ധിയോടെ എടുത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ റെസ്‌ക്യൂ പദ്ധതിക്കാി കമ്പനിക്ക് വായ്പ നല്‍കിയവരില്‍ നിന്ന് 75 ശതമാനം അംഗീകാരം ലഭിക്കേണ്ടതുണ്ട്. വായ്പാ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ജൂണ്‍ 22ന് തീരുമാനമെടുക്കും.
ഹാംലീസ് സി.ബാനറിന്റെ ചൈനീസ് ഉടമയ്ക്ക് ഹൗസ് ഓഫ് ഫ്രേസറിന്റെ 51 ശതമാനം ഓഹരികള്‍ വില്‍ക്കാമെന്ന് കമ്പനിയുടെ ചൈനീസ് ഉടമ നാന്‍ജിംഗ് സെന്‍ബെസ്റ്റ് കഴിഞ്ഞ മാസം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതനുസരിച്ച് മാത്രമേ ഈ വില്‍പന നടക്കൂ എന്നാണ് വിവരം.
Leave a Reply