മിഡില്‍സ്ബറോയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ കത്തിയുമായി മോഷണത്തിനെത്തുമ്പോള്‍ പോള്‍ ക്രിസ്റ്റിയന്‍ കാലഗാന്‍ എന്ന മോഷ്ടാവിന് ഇത്രയും വലിയ പണി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. കടയുടമയായ രമ്യമുകി ഇത്‌ലയനാഥന്‍ തിരിച്ചടിച്ച രീതിയാണ് ഇയാളെ ഞെട്ടിച്ചത്. പണപ്പെട്ടിയും കൈക്കലാക്കി സൈക്കിളില്‍ സ്ഥലം വിടാനൊരുങ്ങിയ ഇയാളെ വടിയും പരസ്യബോര്‍ഡും മറ്റും ഉപയോഗിച്ച് രമ്യമുകി നേരിടുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് തിലപാന്‍ തില്ലൈനനാഥന്‍ കാലഗാന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും കയ്യില്‍ കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

മോഷണ ശ്രമത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ഇയാള്‍ക്ക് തടവ് ശിക്ഷയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 23നായിരുന്നു സംഭവം. മിഡില്‍സ്ബറോയിലെ നോര്‍ത്ത് ഓംസ്ബി, കിംഗ്‌സ് റോഡിലുള്ള ഏര്‍ണീസ് കണ്‍വീനിയന്‍സ് സ്‌റ്റോറിലാണ് മോഷണ ശ്രമം നടന്നത്. ഇതിനെ ഫലപ്രദമായി തടുന്ന രമ്യമുകി അതിനിടയില്‍ത്തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുകയും മോഷ്ടാവിനെ നേരിടുകയുമായിരുന്നു. സൈക്കിളില്‍ കടന്നുകളയാന്‍ കാലഗാന്‍ ശ്രമിച്ചെങ്കിലും രമ്യമുകി സൈക്കിളിന്റെ പിന്നില്‍ പിടിച്ചു വലിച്ച് ഇയാളെ തിരികെയെത്തിച്ചു.

ഇതോടെ പണപ്പെട്ടി ഉപേക്ഷിച്ച് രക്ഷപ്പെടാനായിരുന്നു ഇയാള്‍ ശ്രമിച്ചത്. രമ്യമുകിക്ക് നേരെ ഇയാള്‍ കത്തി വീശുകയും ചെയ്തു. സംഭവം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളയിലുണ്ടായിരുന്ന മുളകുപൊടിയായിരുന്നു തങ്ങള്‍ ഉപയോഗിച്ച പ്രധാന ആയുധമെന്ന് ദമ്പതികള്‍ പറഞ്ഞു. 1990ല്‍ കാലഗാന്‍ മോഷണത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കുള്ള ശിക്ഷ അഞ്ച് വര്‍ഷത്തെ തടവില്‍ കുറയരുതെന്ന് ടീസൈഡ് ക്രൗണ്‍ കോര്‍ട്ട് നിര്‍ദേശിച്ചു.