ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മോർട്ട്ഗേജ് നിരക്കുകൾ കുറയാൻ തുടങ്ങുന്നതിന്റെ സൂചനകൾക്കിടെ വീടുകളുടെ വില നവംബർ മാസം 0.2 ശതമാനം ഉയർന്നതായി നേഷൻ വൈഡ് റിപ്പോർട്ട് ചെയ്തു. 14 തവണ തുടർച്ചയായ വർദ്ധനയ്ക്ക് ശേഷം അടിസ്ഥാന പലിശ നിരക്ക് 5.25% ആയി നിലനിർത്താനുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം കുതിച്ചുയരുന്ന മോർട്ട്ഗേജ് ചെലവ് കുറയുന്നതിന് ഇടയാക്കിയിരിക്കുകയാണ്. ഇത് ഭവന നിർമ്മാണത്തിൽ കൂടുതൽ പ്രവർത്തനത്തിന് ആക്കം കൂട്ടുമെന്ന കാഴ്ചപ്പാടിനെ തുടർന്നാണ് വിപണിയിലെ പുരോഗതിയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ മൂന്ന് മാസങ്ങളിലായി വീടുകളുടെ വില ഉയരുന്നുണ്ടെങ്കിലും, ഇത് കഴിഞ്ഞ വർഷത്തെ ഈ മാസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ രണ്ട് ശതമാനം കുറവാണ്. യുകെയിൽ ഒരു വീടിന്റെ ഇപ്പോഴത്തെ ശരാശരി വില ഇപ്പോൾ £258,557 ആണ്. ബിൽഡിംഗ് സൊസൈറ്റി പുറത്തുവിട്ടിരിക്കുന്ന ഈ ഡേറ്റ സ്വന്തം മോർട്ട്ഗേജ് ലെൻഡിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ പണം നൽകി വീട് വാങ്ങുന്നവരെയോ മറ്റ് ഡീലുകളിൽ ഉൾപ്പെടുന്നവരെയോ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഭവന വിപണി പ്രതീക്ഷിച്ചതിലും അൽപ്പം മെച്ചപ്പെട്ട നിലയിലാണെന്ന് നേഷൻ വൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു. മോർട്ട്ഗേജ് നിരക്കുകൾ കുറയാൻ തുടങ്ങിയതിന്റെ പ്രോത്സാഹജനകമായ ചില സൂചനകളുണ്ടെന്നും, ഇത് ജനങ്ങൾക്ക് മേലുള്ള താങ്ങാനാവാത്ത സമ്മർദ്ദം ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസ് മണിഫാക്ട്സ് അനുസരിച്ച്, ശരാശരി രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് വെള്ളിയാഴ്ച 6.04% ആയിരുന്നു. അതേസമയം ശരാശരി അഞ്ച് വർഷത്തെ ഡീൽ 5.65% ശതമാനവും ആയിരിക്കുകയാണ്. ഈ ആഴ്ച പുറത്തിറക്കിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഒക്ടോബറിൽ വീട് വാങ്ങുന്നവർക്കായി അംഗീകരിച്ച മോർട്ട്ഗേജുകളുടെ എണ്ണം 47,400 ആയി ഉയർന്നു. ഈ നിരക്ക് എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 43,300 ത്തിലായിരുന്നു സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ബാങ്ക് ലക്ഷ്യമിടുന്നതിൽ നിന്നും അത് ഉയർന്നു നിൽക്കുകയാണ്. അതിനാൽ തന്നെ ഏത് സമയവും നിരക്കുകളിൽ മാറ്റം ഉണ്ടാകാമെന്ന മുന്നറിയിപ്പ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.