ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹാലിഫാക്‌സിന്റെ കണക്കനുസരിച്ച് ആറ് മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ എത്തി ഭവനങ്ങളുടെ വില. ഒക്ടോബർ മാസത്തെ റിപ്പോർട്ടിൽ ആണ് ഇത് കണ്ടെത്തിയത്. എന്നാൽ അടുത്ത വർഷം വീടുകളുടെ വിലയിലെ മൂല്യം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം വീടുകളുടെ വില 1.1% വർദ്ധിച്ചതായി യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ലെൻഡറായ ഹാലിഫാക്‌സ് പറയുന്നു. ഇത് ശരാശരി പ്രോപ്പർട്ടി മൂല്യം £281,974 ആയി ഉയർത്തി.
വിൽപ്പനയ്ക്കുള്ള വീടുകളുടെ അഭാവമാണ് വില ഉയരാൻ കാരണമെന്ന് ഹാലിഫാക്സ് ചൂണ്ടിക്കാട്ടി. 2025 വരെ വിലയിൽ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന പലിശാ നിരക്കും ജീവിത ചിലവുമാണ് ഇതിൻെറ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹാലിഫാക്‌സിന്റെ കണക്കുകൾ പ്രകാരം ഒക്‌ടോബറിൽ വീടിന്റെ വില കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാൾ 3.2% കുറഞ്ഞു.
അടുത്തിടെ വരെ, കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ക്രമാനുഗതമായി വർധിപ്പിച്ചിരുന്നു. ഈ വർദ്ധനവ് ഭവന ഉടമകളുടെ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമായി. നിലവിലെ പലിശാ നിരക്ക് 5.25% ആണ്. ഇത് അടുത്ത കാലത്തൊന്നും കുറയുന്നതായും തോന്നുന്നില്ല. ഇത് കണക്കിലെടുത്താണ് വീടുകളുടെ വില മൊത്തത്തിൽ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഹാലിഫാക്സ് പറഞ്ഞു.
Leave a Reply