ആശിച്ചുവെച്ച വീടിനുള്ളില്‍ പാലുകാച്ചലിന്റെ തലേദിവസം വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ടി.സി. 12/1016ല്‍ സജിതകുമാരി(മോളി-49) ആണ് സ്വപ്‌ന വീട്ടില്‍ താമസിക്കുന്നതിനു മുന്‍പേ മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചിന് മുമ്പ് വീട് വൃത്തിയാക്കാന്‍ എത്തിയതായിരുന്നു സജിത.

വീടിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികള്‍ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകള്‍ മുറികളില്‍ കിടക്കുന്നുണ്ടായിരുന്നു. തറ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ വയറുകളില്‍നിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. എന്നാല്‍ ഷോക്കേറ്റ് സജിത വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജിതയുടെ ഭര്‍ത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. സ്വന്തം പേരിലുള്ളതല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിച്ചിരുന്നില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും സ്വന്തമായി നിര്‍മാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കള്‍ക്കൊപ്പം വീടിന്റെ പണി ഏകദേശം പൂര്‍ത്തിയാക്കിയത്. നാട്ടുകാരും കൈകോര്‍ത്ത് വീടുപണിക്കായി സഹായം ചെയ്തിരുന്നു. സജിതയുടെ വിയോഗം കുടുംബത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മക്കള്‍: മിഥുന്‍, മൃദുല്‍. മരുമകള്‍: ദിവ്യ എസ്.എല്‍.