മത്സ്യവിൽപ്പനയിലൂടെ താരമായി തീർന്ന ഹനാന് സംഭവിച്ച വാഹനാപകടത്തിൽ ദുരുഹതയുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് നീക്കം തുടങ്ങി. യാഥാസ്ഥിതിക വിശ്വാസങ്ങൾക്കെതിരെ രംഗത്ത് വന്നതിന്റെ പേരിൽ ഹനാന് എതിരെ വ്യാപകമായ എതിർപ്പുണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ദുരുഹത പരിശോധിക്കണമെന്ന് പോലീസ് ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ആറരയ്ക്കാണ് ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. കൊടുങ്ങല്ലൂരിലായിരുന്നു സംഭവം. നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹന്നാൻ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ജുവലറി ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. കാർ ഡ്രൈവർ ജിതേഷ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതിലാണ് പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്.

തന്റെ പേരിലുണ്ടാക്കിയ വ്യാജ ഫെയ്സ് ബുക്ക് ഐ.ഡി ഉപയോഗിച്ച് പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പോലീസ് കമ്മീഷണറെ കാണാനുള്ള യാത്രക്കിടയിലായിരുന്നു അപകടം ഉണ്ടായത്. ഹനാന് എതിരെ ഏറെ നാളായി ചില കോണുകളിൽ നിന്നും ഇത്തരം അപകീർത്തികരമായ പ്രസ്താവനകൾ ഉണ്ടാകുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് രേഖാമൂലമല്ലെങ്കിലും ഹനാൻ പരാതിപ്പെട്ടിരുന്നു. സ്വന്തം സമുദായത്തിൽ നിന്നു പോലും ഹനാന് ഡേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ഹനാനെ അപകീർത്തി പെടുത്തുകയാണ് ലക്ഷ്യമെന്ന് പുറമേ തോന്നുമെങ്കിലും സംഗതി അത്ര നിസാരമായി.ഹനാനെതിരെ എല്ലാവരെയും രംഗത്തെത്തിക്കുകയാണ് ലക്ഷ്യം.

സർക്കാർ മാത്രമാണ് ഹനാന് സഹായവുമായുള്ളത്. അപകട വാർത്തയറിഞ്ഞയുടനെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. എന്നാൽ മറ്റാരുടെയും പിന്തുണ ഇവർക്ക് കിട്ടുന്നില്ല. അപകടം നടന്നപ്പോൾ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. അപകടാവസ്ഥയിലുള്ള ഹനാൻ അപകടത്തിലെ ദുരുഹത പുറത്തു കൊണ്ടുവരുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ല. ഉടൻ പരാതി നൽകുമെന്ന് കേൾക്കുന്നു.

വളരെ പെട്ടെന്നാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. ദൃശ്യമാധ്യമങ്ങളാണ് ഹനാനെ താരമാക്കിയത്. താരമായതോടെ സിനിമയിൽ അവസരം ലഭിച്ചു. അതിനൊപ്പം ഉദ്ഘാടനങ്ങളും കിട്ടി തുടങ്ങി. ഇപ്പോൾ സാമ്പത്തികമായി തരക്കേടില്ലാത്ത അവസ്ഥയിലാണ് ഹനാൻ എത്തിച്ചേർന്നിരിക്കുന്നത്.