ബുദ്ധിമാനായ മനുഷ്യന് ലോകം തന്നെ അവന്റെ ഗുരുവും ആചാര്യനും ആകും.
“ആചാര്യ സർവചേഷ്ടാസ് ലോകാ ഏവഹി ധീമതഃ” ഏത് കാര്യത്തിലും അവനവന്റെ ചുറ്റുമുള്ള ലോകം വഴികാട്ടി ആകുന്നതായാണ് പറയുന്നത്.
ആദ്ധ്യാത്മികജ്ഞാനത്തിന്റെയും ബൗദ്ധിക ജ്ഞാനത്തിന്റെയും വിശേഷജ്ഞാനമായി രൂപം എടുത്ത ആദിമ ആരോഗ്യ രക്ഷാശാസ്ത്രമാണ് ആയുർവ്വേദം. ആദ്യകാല അറിവുകൾക്ക് വലിയ മാറ്റമില്ലാതെ ഇക്കാലത്തും കാലിക പ്രസക്തിയോടെ ലോക വൈദ്യശാസ്ത്ര മേഖല ശ്രദ്ധിക്കും വിധം ഇന്നും അയ്യർവേദം ലോകമൊട്ടാകെ നിലനിൽക്കുന്നു എന്നത് ഏറെ കൗതുകമുള്ള കാര്യമാണ്.
സുഖത്തിനും ദുഖത്തിനും ആയുസിനും ആയുരാരോഗ്യ സൗഖ്യത്തിനും ഹിതമായത് എന്തെല്ലാം അഹിതമായത് എന്തെല്ലാം എന്നും, എത്രത്തോളം എങ്ങനെ അവ ബാധിക്കുന്നു എന്നുംവിശദമാക്കുന്ന ശാസ്ത്രം ആയാണ് ആയുർവേദത്തെ കാണണ്ടത്.
“സുഖാർത്ത സർവഭൂതാനാം
മാതാ സർവാ പ്രവൃത്തയഃ
സുഖം ച വിനാത് ധർമാത്
തസ്മാത് ധർമ്മ പേരോ ഭവേത് ”
എല്ലാ മനുഷ്യനും അഗ്രഹിക്കുന്നത് സുഖ സന്തോഷങ്ങൾ അനുഭവിക്കുക എന്നതാണ്. സുഖസന്തോഷങ്ങൾ അനുഭവിക്കുന്ന ഒരാൾക്ക് മാത്രമേ ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കാനാവു. ധർമ്മാധിഷ്ഠിതമായ ജീവിതം നയിക്കുമ്പോൾ മാത്രമേ സുഖ സന്തോഷങ്ങൾ അനുഭവിക്കാനും സാധിക്കുകയുള്ളു. അതാണ് ആയുർവ്വേദം ധാർമികചാര്യാക്രമങ്ങൾക്കു പ്രാധാന്യം നൽകുന്നത്.
ധർമാർത്ഥ കാമമോക്ഷ പ്രാപ്തിയാണ് ജീവിത ലക്ഷ്യമായി കാണേണ്ടത്. അതു സാധിക്കാൻ ആരോഗ്യത്തോടെ ജീവിക്കണം. അതിനുള്ള മാർഗങ്ങൾ ആയാണ് ആയുർവേദ നിർദേശങ്ങളെ കാണേണ്ടത്.
“ലോകാ :സമസ്താ :സുഖിനോ ഭവന്തു “ലോകത്തുള്ള സകലരും, സർവ ജീവജാലങ്ങളും സുഖം അനുഭവിക്കുന്നതിനിടയാകട്ടെ എന്ന മഹത്തായ ചിന്ത ലോകത്തിന് മുന്നിൽ അവതരിപ്പിച്ച ആയുവേദം, സസ്യലതാദികൾക്കും വൃക്ഷങ്ങളുടെ പരിപാലനത്തിനും, പക്ഷി മൃഗാദികളുടെ ആരോഗ്യപരിപാലനത്തിനും മാർഗങ്ങൾ നൽകുന്നുണ്ട്. ഗജയുർവേദം, ആശ്വായുർവേദം, വൃക്ഷായുർവേദം എന്നിവ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. വൃക്ഷായുർവേദത്തിൽ നിർദേശിക്കുന്ന പഞ്ചഗവ്യ പ്രയോഗം നൂതന കൃഷി രീതിയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിഷരഹിത, കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി ജൈവവളപ്രയോഗങ്ങളും ഇന്ന് പ്രചാരം നേടിയിട്ടുമുണ്ട്.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154