കാറില്‍ ലിഫ്റ്റ് നല്‍കുന്നതിന് സുഹൃത്തുക്കളില്‍ നിന്ന് ചെറിയ തുക വാങ്ങുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ നിങ്ങള്‍ നടത്തുന്നത് നിയമലംഘനമാണെന്ന് അറിയുമോ? ഒരു സഹയാത്രികനില്‍ നിന്ന് പണം വാങ്ങി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് അനധികൃത ടാക്‌സിയായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ 2500 പൗണ്ട് വരെ നിങ്ങളില്‍ നിന്ന് പിഴയീടാക്കാന്‍ കഴിയും. വാഹനത്തിന്റെ ഇന്ധനത്തിനായി പണം വാങ്ങുന്നതില്‍ നിയമപ്രശ്‌നങ്ങളില്ല. എന്നാല്‍ ഇന്ധനത്തിന് ആവശ്യമായ പണത്തിലും മേലെയാണ് വാങ്ങുന്നതെങ്കില്‍ അത് നിയമവിരുദ്ധമാണെന്ന് വാഹനമോടിക്കുന്നവര്‍ മനസില്‍ കരുതണമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.

ടാക്‌സി, അല്ലെങ്കില്‍ പ്രൈവറ്റ് ഹയര്‍ ലൈസന്‍സ് ഇല്ലെങ്കില്‍ ലിഫ്റ്റുകള്‍ നല്‍കി പണമീടാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അനുമതിയില്ല. സുഹൃത്തുക്കള്‍ക്ക് ലിഫ്റ്റ് നല്‍കി പണം വാങ്ങുന്നത് പിടിക്കപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് റദ്ദാക്കുകയും ലൈസന്‍സില്‍ പോയിന്റുകള്‍ നല്‍കുകയും ചെയ്യും. ചില അവസരങ്ങളില്‍ ലൈസന്‍സ് പോലും റദ്ദായേക്കാം. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇത് അത്ര കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ല. പക്ഷേ ലിഫ്റ്റുകള്‍ പണം വാങ്ങിയാണോ നല്‍കുന്നത് എന്ന് കണ്ടുപിടിക്കാന്‍ പോലീസിന് പ്രായോഗികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയും മറ്റും ഷെയര്‍ റൈഡുകള്‍ നടത്തുന്നവര്‍ ഈ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫെയിസ്ബുക്ക് ഗ്രൂപ്പായ ബോണ്‍മൗത്ത് ആന്‍ഡ് പൂള്‍ ലിഫ്റ്റ്‌സ് ഗ്രൂപ്പില്‍ ഡോര്‍സെറ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ 5000 പേര്‍ നിയമവിരുദ്ധമായി ഇത്തരം ലിഫ്റ്റുകള്‍ നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ലിഫ്റ്റുകള്‍ ഷെയര്‍ ചെയ്യാന്‍ തയ്യാറാക്കിയിരിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെക്കുറിച്ച് അറിവുണ്ടെന്നും ഇത്തരത്തില്‍ പരിചയമില്ലാത്ത ആളുകളുമായി യാത്രകള്‍ ചെയ്യുമ്പോള്‍ നിയമലംഘനം മാത്രമല്ല സ്വന്തം സുരക്ഷ കൂടി അപകടത്തിലാക്കുകയാണെന്ന് മനസിലാക്കണമെന്നും പോലീസ് പറയുന്നു.











Leave a Reply