ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടിഷ് രാജ്ഞിയുടെ പരമാധികാരത്തെ ഉപേക്ഷിച്ചു ബാർബഡോസ്‌ സ്വതന്ത്ര പരമാധികാര രാജ്യമായത് കഴിഞ്ഞ ദിവസമാണ്. ബ്രിട്ടിഷ് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്‌ലി പ്രഖ്യാപിച്ചു. എലിസബത്ത് രാജ്ഞിയുടെ അധികാരത്തിൽ നിന്ന് മാറിനടന്നു പുതിയ പരമാധികാര രാഷ്ട്രമായി ബാർബഡോസ്‌ മാറുകയാണെങ്കിലും പിന്നിൽ ചരടുവലികൾ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. രാജ്ഞിയുടെ മേധാവിത്തത്തിനു കീഴിൽനിന്ന് അകന്നു മാറാനുള്ള ബാർബഡോസിന്റെ തീരുമാനത്തിനു പിന്നിൽ ചൈനയാണെന്ന ആരോപണം ഉയർന്നിരുന്നു. എലിസബത്ത് രണ്ടാമന്റെ സ്ഥാനത്ത്, ഒരു പുതിയ ഭരണാധികാരി തിരശ്ശീലയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ട്: ചൈനയിലെ ശക്തനായ നേതാവ് ഷി ജിൻപിംഗ്. ബാർബഡോസിൽ പാർക്കുന്ന 287,000 ആളുകളുടെ മേൽ ബീജിംഗ് ഭരണകൂടത്തിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞിട്ട് വർഷങ്ങളേറെയായി.

ചെറിയ രാജ്യങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന ഉറപ്പുള്ളതിനാൽ ചൈന അവർക്ക് വായ്പ നൽകുന്നു. അതിനാൽ അവർ എന്നെന്നേക്കുമായി ചൈനയെ ആശ്രയിക്കേണ്ടിവരുന്നു. കരീബിയൻ രാജ്യങ്ങളുമായുള്ള പ്രധാന പങ്കാളിയെന്ന ബ്രിട്ടന്റെ സ്ഥാനം തകർക്കാൻ ചൈന ശ്രമിക്കുന്നതായി ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വം ആരോപണമുന്നയിച്ചിട്ടുണ്ട്. അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപവും കടം കൊടുപ്പ് നയതന്ത്രവും ഉപയോഗിച്ച് കരീബിയൻ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമമാണ് ചൈന നടത്തിവരുന്നതെന്നത് വ്യക്തം. അവർ അധികാര കേന്ദ്രമായി ചൈനീസ് സാമ്രാജ്യത്വത്തെ കാണുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടന്റെ ആഗോള, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കുറയുമ്പോൾ ചൈന അവിടെ സ്ഥാനമുറപ്പിക്കുന്നു. ഹെൻറി ജാക്‌സൺ സൊസൈറ്റി തിങ്ക്-ടാങ്കിന്റെ കണക്കനുസരിച്ച്, കോമൺവെൽത്ത് രാജ്യങ്ങളെ ആകർഷിക്കാൻ 2005 മുതൽ ചൈന 685 ബില്യൺ പൗണ്ട് ചെലവഴിച്ചു. 2006ൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ചൈനീസ് ഗവൺമെന്റ് ബാർബഡോസിന് കോടിക്കണക്കിനു ഡോളർ സാമ്പത്തിക സഹായം നൽകിയിരുന്നു. 2009ൽ ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തിപ്പെടുത്താൻ ശ്രമിച്ചു. 2016 ഡിസംബറിൽ ഈ സഹകരണം വിപുലീകരിച്ച് ചൈനീസ് സർക്കാർ ബാർബഡോസിന് 30 ലക്ഷം ഡോളർ വിലമതിക്കുന്ന സൈനിക ഉപകരണങ്ങളും നൽകി. 2017ൽ ബാർബഡോസിലെ സ്കൂളുകൾക്കു വേണ്ട പഠനോപകരണങ്ങളും മറ്റും ചൈനയാണ് വൻതോതിൽ എത്തിച്ചു നൽകിയത്. കഴിഞ്ഞ വർഷം ചൈന ലാപ്ടോപ്പുകളും ടാബ്‌ലെറ്റുകളും അടക്കമുള്ള സാങ്കേതികോപകരണങ്ങളും ദ്വീപിനു കൈമാറി.

ബാർബഡോസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പങ്കാളിയുമായി ചൈന കണക്കാക്കപ്പെടുന്നു. കോമൺ‌വെൽത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ പാകിസ്ഥാൻ ഇപ്പോൾ ചൈനയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നാണ്. നൈജീരിയയെയും ചൈന തന്ത്രപരമായി തങ്ങളുടെ വശത്താക്കിയിട്ടുണ്ട്. ഒരുകാലത്ത് ബ്രിട്ടനൊപ്പം വിശ്വസ്‌തതയോടെ നിലനിന്ന കോമൺവെൽത്ത് രാജ്യങ്ങളുടെ പിന്മാറ്റം ഭാവിയിൽ വർധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബാർബഡോസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് തങ്ങളുടെ ഭരണഘടനയും അടുത്തവർഷത്തോടെ പുനരാലോചനയ്ക്കു വിധേയമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബാർബഡോസ് വിട്ടു പോയതോടെ നിലവിൽ 14 രാജ്യങ്ങളാണ് ബ്രിട്ടിഷ് രാജ്ഞിയുടെ മേധാവിത്തം അംഗീകരിക്കുന്നത്.