കടപ്പാട് : എന്‍ കെ ഭൂപേഷ്

ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിന്റെ വീക്ഷണ കോണില്‍നിന്ന് ചരിത്രം രചന ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഹിന്ദുത്വത്തിന്റെ ആചാര്യന്‍ വിഡി സവര്‍ക്കരിന് ഭാരതരത്‌ന നല്‍കണമെന്ന മഹാരാഷ്ട്ര ബിജെപിയുടെ ആവശ്യമാണ് ചരിത്ര പുനരാഖ്യാനം വേണമെന്ന ആര്‍എസ്എസ്സിന്റെ നിലപാട് ആവര്‍ത്തിക്കാന്‍ ആഭ്യന്തര മന്ത്രിയെ പ്രേരിപ്പിച്ചത്. സവര്‍ക്കരിന്റെ പ്രാധാന്യം വിശദീകരിക്കാനായിരുന്നു അദ്ദേഹം പിന്നീട് ശ്രമിച്ചത്.

എന്നാൽ ചരിത്രം മാറ്റിയെഴുതുന്നതിലൂടെയും പാര്‍ലമെന്റില്‍ ബിജെപി ചിത്രം പതിപ്പിച്ചതുകൊണ്ടോ മറയ്ക്കപ്പെടുന്നതാണോ യഥാര്‍ത്ഥത്തില്‍ സവര്‍ക്കിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. സ്വതന്ത്ര്യ സമര കാലത്തും പിന്നീട് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടും സവര്‍ക്കറിന്റെ ഇടപെടലുകള്‍ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുടെ പുറത്തുണ്ടാക്കുന്നതല്ലെന്നും മറിച്ച് ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലുളളതാണെന്നുമാണ് വസ്തുത. ആര്‍ എസ് എസ്സുകാര്‍ മാറ്റിയെഴുതിയാല്‍ മായ്ക്കപ്പെടുന്ന വസ്തുതകളല്ല അതെന്നതിന് അദ്ദേഹം ജീവിച്ച കാലത്തെ രേഖകള്‍ തന്നെ സാക്ഷ്യം പറയും.

ഗാന്ധി വധവും സവര്‍ക്കറും

ഹിന്ദു മഹാസഭയുടെ പ്രസിഡന്റായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഹിന്ദുത്വ ആശയത്തിന്റെ ആചാര്യന്‍. ഇദ്ദേഹത്തിന് ഗാന്ധി വധവുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ പങ്കില്ലായിരുന്നുവെന്നാണ് അമിത് ഷായടക്കമുള്ള ആര്‍എസ്എസ്സുകാര്‍ പറയുന്നത്. എന്നാല്‍ ഗാന്ധി വധവുമായി ഇദ്ദേഹത്തിന്റെ ബന്ധം ഒരു രാഷ്ട്രീയ ആരോപണമല്ല, ചരിത്ര വസ്തുതയാണ്. നിയമത്തിന്റെ കണിശമായ വ്യാഖ്യാനങ്ങളിലുടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന ആര്‍എസ്എസ്സിന്റെയും ആരാധ്യനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍. ഗാന്ധി വധക്കേസിലെ പ്രതി. ഗാന്ധി വധത്തിലെ എട്ട് പ്രതികളില്‍ ഒരാള്‍.

നാഥൂറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വവാദികളുടെ പ്രിയപ്പെട്ട പ്രവര്‍ത്തകന്റെ ആരാധ്യ പുരുഷനായിരുന്നു വിഡി സവര്‍ക്കാര്‍. സവര്‍ക്കറും ഗോഡ്‌സെയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ ഇതിന് തെളിവാണ്. ഗാന്ധി വധം വിചാരണ ചെയ്ത കോടതിയില്‍ ഗാന്ധിയെ വധിച്ച ഗോഡ്‌സെയ്ക്ക് വര്‍ഷങ്ങളായി വിഡി സവര്‍ക്കറുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന കത്തുകള്‍ ഹാജരാക്കിയിരുന്നു. ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ബോംബെ പോലീസിലെ ഡെപ്യുട്ടി കമ്മീഷണര്‍ ജംഷാദ് നാഗര്‍വാല കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഇങ്ങനെ പറഞ്ഞു, ‘1935 മുതല്‍ ഗോഡ്‌സെ സവര്‍ക്കറുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ അനുയായി ആയിരുന്നു. 1930-ല്‍ ആര്‍എസ്എസ്സിന്റെ രക്‌നഗിരിയില്‍ ആര്‍എസ്എസ് ശാഖ തുടങ്ങിയത് ഇയാളായിരുന്നു’.

ഗോഡ്‌സെയും ഗാന്ധി വധക്കേസില്‍ തൂക്കിലേറ്റപ്പെട്ട നാരായണ്‍ അപ്‌തേയും ചേര്‍ന്ന് തുടങ്ങിയ പത്രത്തിന് 15000 രൂപ ധനസഹായം നല്‍കിയതും സവര്‍ക്കറായിരുന്നു. (ഗാന്ധി വധവുമായി ബന്ധപ്പെട്ട് നാഷണല്‍ ആര്‍ക്കൈവ്‌സിലെ രേഖകളുടെ അടിസ്ഥാനത്തില്‍ ഔട്ട്‌ലുക്ക് മാഗസിന്‍ പ്രസിദ്ധീകരിച്ച, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് രാമചന്ദ്രന്റെ ദി മാസ്റ്റര്‍മൈ്ന്റ് എന്ന റിപ്പോര്‍ട്ടില്‍ നിന്ന്). ഗാന്ധി വധക്കേസില്‍ മാപ്പുസാക്ഷിയായി മാറിയ ദിംഗബര്‍ ബാഡ്‌ജെ നല്‍കിയ മൊഴിയില്‍ ഗാന്ധിയെ കൊലപ്പെടുത്തുന്നതിന് 13 ദിവസം മുമ്പ്, 1948 ജനുവരി 17 ന് ഗോഡ്‌സെ തന്റെ രാഷ്ട്രീയ ആചാര്യന്‍ വി.ഡി സവര്‍ക്കറെ ബോംബെയില്‍ സന്ദര്‍ശിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഗോഡ്‌സെയോടൊപ്പം നാരായണ്‍ ആപ്‌തെയും കേസിലെ മറ്റൊരു പ്രതി ശങ്കര്‍ ക്ഷിക്ത്യയും താനും ഉണ്ടായിരുന്നുവെന്നായിരുന്നു മൊഴി. എന്നാല്‍ ഗോഡ്‌സെയും ആപ്‌തെയും മാത്രം അകത്തുപോയി സവര്‍ക്കറെ കാണുകയാണുണ്ടായതെന്നാണ് മൊഴി. ‘വിജയിച്ചു വരൂ’ എന്ന് സവര്‍ക്കര്‍ ഗോഡ്സെയെ ആശംസിക്കുന്നത് താന്‍ കേട്ടതായും അദ്ദേഹം മൊഴി നല്‍കി. ഗാന്ധിയെ ഇല്ലായ്മചെയ്യാന്‍ കഴിയുമെന്ന് സവര്‍ക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി ആപ്‌തെ പറഞ്ഞുവെന്നും അദ്ദേഹം കോടതിയിൽ മൊഴി നല്‍കി. എന്നാൽ ഈ മൊഴിയെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഇല്ലാതെ പോയതാണ് സവര്‍ക്കര്‍ ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ കേസില്‍ സവര്‍ക്കറുടെ സെക്രട്ടറി അപ്പ രാമചന്ദ്ര കസാറിനെയും ഗജനാനന്‍ വിഷ്ണു ദാംലെയെയും വിചാരണ ചെയ്തിരുന്നില്ല. ഇത് വലിയ പിഴവായി പിന്നീട് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സവര്‍ക്കരുടെ രണ്ട് ആശ്രിതരെയും ഇതില്‍ -വിഷ്ണു ദംലെ അദ്ദേഹത്തിന്റെ സുരക്ഷ ജീവനക്കാരനായിരുന്നു- ഗാന്ധി വധത്തിന്റെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ച ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷനു മുന്നില്‍ ഈ രണ്ടു പേരും മൊഴി നല്‍കുന്നുണ്ട്. 1948, ജനുവരി 14,17 തീയതികളില്‍ ഗോഡ്‌സെയും സംഘവും സവര്‍ക്കറെ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങളാണ് ഇവര്‍ കമ്മീഷന് മുന്നില്‍ നല്‍കിയത്. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിൽ ഗാന്ധി വധത്തിന്റെ ഗൂഡാലോചനയില്‍ സവര്‍ക്കറിന്റെ പങ്കാണ് ഇത് തെളിയിക്കുന്നതെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. (എ ജി നൂറാനി: സവര്‍ക്കര്‍ ആന്റ് ഹിന്ദുത്വ) ഇതുമാത്രമല്ല, കേസ് അന്വേഷണം നടത്തിയ പോലീസ് ഓഫീസര്‍ ജിമ്മി നാഗര്‍വാല നല്‍കിയ റിപ്പോര്‍ട്ടിലും സവര്‍ക്കരിന് ഗാന്ധി വധ ഗൂഢാലോചനയിലെ പങ്ക് എടുത്തു പറയുന്നുണ്ട്.

ഗാന്ധി വധവുമായി ബന്ധപ്പെട്ട കാര്യങ്ങളും മാറ്റിയെഴുതുന്ന ചരിത്രത്തിന്റെ കൂട്ടത്തിലുണ്ടെങ്കിലും അത്രയെളുപ്പത്തില്‍ ഗാന്ധി വധത്തിൽ ഹിന്ദുത്വ ആചാര്യന്റെ പങ്ക് വെളുപ്പിച്ചെടുക്കാന്‍ പറ്റില്ലെന്നതാണ് ഈ വസ്തുതകള്‍ തെളിയിക്കുന്നത്.

‘വീര’നായ സവര്‍ക്കറിന്റെ മാപ്പപേക്ഷ

1911ലാണ് സവര്‍ക്കറിനെ അറസ്റ്റ് ചെയ്ത് ആന്‍ഡമാനിലേക്ക് അയയ്ക്കുന്നത്. അറസ്റ്റിലായ മാസങ്ങള്‍ക്കുളളില്‍ തന്നെ സവര്‍ക്കര്‍ തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബ്രീട്ടീഷ് രാജ്ഞിക്ക് കത്തയച്ചു. 1913 നവംബര്‍ 24 അയച്ച കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി… “ഞാന്‍ ഇനിമേല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുയായി വിധേയനുമായിരിക്കും. പുരോഗതിക്ക് അത് അത്യാവശ്യമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ, എന്നെ വിട്ടയക്കുകയാണെങ്കില്‍ തിരിച്ചെത്തിക്കും. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏത് രീതിയിലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നെ പുറത്തുവിട്ടാല്‍ വലിയ കാര്യങ്ങള്‍ സര്‍ക്കാരിന് വേണ്ടി ചെയ്യാന്‍ കഴിയും. ജയിലില്‍ അടയ്ക്കുന്നതുകൊണ്ട് കാര്യമില്ല”. ജയിലില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിട്ടാണ് ആര്‍എസ്എസ്സുകാര്‍ ഇപ്പോള്‍ ഈ കത്തിനെ കുറിച്ച് പറയുന്നത്. എന്നാല്‍ ജയിലില്‍നിന്ന് വിട്ടയച്ചതിനെ തുടര്‍ന്ന് എതെങ്കിലും തരത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാകാന്‍ സവര്‍ക്കര്‍ തയ്യാറായില്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം തെളിവു നല്‍കുന്നു.

മുസ്ലീം ലീഗ് നേതാവ് മുഹമ്മദലി ജിന്ന രണ്ട് രാഷ്ട്ര വാദം ഉയര്‍ത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യ രണ്ട് രാജ്യമാണെന്ന് പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ ആചാര്യനായ വിഡി സവര്‍ക്കര്‍. 1923 ല്‍ ഹിന്ദുത്വത്തെ കുറിച്ചെഴുതിയ ഉപന്യാസത്തിലാണ് ഇന്ത്യ രണ്ട് രാജ്യമാണെന്ന് അദ്ദേഹം എഴുതുന്നത്. 1937 ല്‍ അഹമ്മദ്ബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍ അദ്ദേഹം ദ്വിരാഷ്ട്ര ആശയം കൂടുതല്‍ വ്യക്തമാക്കുന്നു. 1940 ല്‍ മാത്രമാണ് ജിന്ന പാകിസ്താന്‍ വാദം മുന്നോട്ടുവെയ്ക്കുന്നത്.

സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെടില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞ മറ്റൊരു കാര്യം. നെഹ്‌റുവടക്കമുള്ള ഇന്ത്യയിലെ ദേശീയ നേതാക്കളില്‍ ബഹുഭൂരിപക്ഷം പേരും 1857 ലെ പട്ടാള കലാപത്തെ സ്വാതന്ത്ര്യ സമരമായിട്ടാണ് വിശേഷിപ്പിച്ചത്. അക്കാലത്ത് ന്യൂയോര്‍ക്ക് ട്രൈബ്യൂണില്‍ എഴുതിയ ലേഖനത്തില്‍ കാള്‍ മാര്‍ക്‌സും ഈ കലാപത്തെ ദേശീയ കലാപമായി വിശേഷിപ്പിക്കുന്നുണ്ട്.

ഇങ്ങനെ ഇന്ത്യയുടെ ചരിത്രത്തില്‍ വിഭാഗീയതയുടെയും വര്‍ഗീയതയുടെയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച, ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ മാപ്പപേക്ഷിച്ച് നിന്ന, ഒരിക്കലും മായ്ചുകളയാന്‍ കഴിയാത്ത ചരിത്രമുള്ള ഒരാളുടെ ചെയ്തിയെയാണ് ചരിത്രം മാറ്റിയെഴുതി രക്ഷിച്ചെടുക്കാന്‍ സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്.