ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് റഷ്യ പറയുമ്പോള്‍ അവസാന ശ്വാസം വരെ പൊരുതുമെന്നാണ് യുക്രൈന്‍ വ്യക്തമാക്കിയത്. റഷ്യക്കെതിരെ അവർ തിരിച്ചടിക്കുന്നു. ലോക രാജ്യങ്ങളെയെല്ലാം ഈ യുദ്ധം ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയാണ് ഈ യുദ്ധം അവസാനിക്കുക എന്നത് സംബന്ധിച്ച് നിരവധി നിരീക്ഷണങ്ങളാണ് ഉയർന്നു വരുന്നത്.

ഹ്രസ്വ യുദ്ധം

റഷ്യ യുക്രൈന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് ഒരു സാധ്യത. റഷ്യയുടെ വ്യോമസേന വലിയ തോതില്‍ ഇപ്പോൾ യുദ്ധമുഖത്തില്ല. എന്നാല്‍ ഈ സ്ഥിതി മാറി യുക്രൈനിയന്‍ ആകാശത്ത് റഷ്യയുടെ വ്യോമാക്രമണങ്ങളുടെ നിര തന്നെ സംഭവിച്ചേക്കാം. യുക്രൈന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് റഷ്യ വ്യാപക ആക്രമണം നടത്തും. വൻ സൈബർ ആക്രമണങ്ങൾ നടക്കും. ഊർജ വിതരണവും ആശയവിനിമയ ശൃംഖലകളും തടസ്സപ്പെടും. ആയിരക്കണക്കിന് സാധാരണക്കാർ മരിക്കും. ധീരമായ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നിട്ടും, ദിവസങ്ങൾക്കുള്ളിൽ കീവ് പുടിന്റെ നിയന്ത്രണത്തിൽ ആകും. പ്രസിഡന്റ് സെലെൻസ്‌കി ഒന്നുകിൽ വധിക്കപ്പെടാം. അല്ലെങ്കിൽ യൂറോപ്പിലേക്കോ യുഎസിലേക്കോ പാലായനം ചെയ്യും. പക്ഷെ ഇതൊരു സാധ്യത മാത്രമാണ്. യുക്രൈന്‍ സൈന്യത്തിന്റെ തളര്‍ച്ച സംഭവിച്ചാൽ മാത്രമേ ഇത്തരമൊരു സാഹചര്യം ഉടലെടുക്കൂ.

നീണ്ടു നില്‍ക്കുന്ന യുദ്ധം

ദീര്‍ഘകാലത്തേക്ക് യുദ്ധം നീണ്ടു നില്‍ക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. തലസ്ഥാന നഗരിയായ കീവ് ഉള്‍പ്പെടെ യുക്രെയ്ന്‍ നഗരങ്ങള്‍ പിടിച്ചടക്കുന്നതില്‍ റഷ്യന്‍ സൈന്യത്തിന് തടസ്സങ്ങള്‍ നേരിട്ടേക്കാം. രക്തം ചൊരിച്ചിലിലൂടെ യുക്രൈന്‍ പിടിച്ചെടുത്താലും ആ ജനതയെ ഭരിക്കുന്നത് റഷ്യക്ക് കഠിനമായിരിക്കും. രാജ്യത്ത് നിരന്തരം കലാപങ്ങള്‍ ഉടലെടുത്തേക്കാം. യുക്രൈന്‍ പ്രതിരോധ സംഘങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ആയുധ സഹായം ലഭിച്ചേക്കും. അഫ്ഗാനിസ്താനിൽ സംഭവിച്ചതു പോലെ രക്തരൂഷിതമായ കാലത്തേക്ക് യുക്രൈന്‍ ഒരു പക്ഷെ പോയേക്കാം.

യുദ്ധം യൂറോപ്പിലേക്ക്

റഷ്യന്‍ സൈനികാക്രമണം യുക്രെനിയന്‍ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കിൽ ഈയൊരു സാഹചര്യം ഉടലെടുക്കും. യുക്രൈന് പിന്നാലെ മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങൾ പിടിച്ചടക്കാൻ റഷ്യ ശ്രമിക്കും. കിഴക്കന്‍ യൂറോപിലെ നാറ്റോ അംഗരാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ സ്ഥിതി വഷളാകും. നാറ്റോയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ച് പ്രകാരം തങ്ങളുടെ ഒരു അംഗത്തെ ആക്രമിച്ചാല്‍ അത് നാറ്റോയെ ആക്രമിച്ചതായാണ് കണക്കാക്കുക. യുദ്ധമുഖത്തേക്ക് നാറ്റോ സൈന്യം ഇറങ്ങും. എന്നാൽ ഇതൊരു വിദൂര സാധ്യതയാണ്. നാറ്റോയുടെ ഭാഗമല്ലാത്ത മോൾഡോവ, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ പുടിൻ ലക്ഷ്യമിട്ടാൽ യുദ്ധം വ്യാപിക്കാനും സാധ്യതയുണ്ട്.

സമാധാന ചർച്ച

സമാധാന ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതാണ് മറ്റൊരു സാധ്യത. യുക്രൈനും റഷ്യയും തമ്മില്‍ രണ്ട് തവണ സമാധാന ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ റഷ്യന്‍ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ആഭ്യന്തര തലത്തില്‍ ഇത് തനിക്ക് ഭീഷണിയാവുമെന്ന് ഉറപ്പായാൽ പുടിന്‍ ഒരു പക്ഷെ അനുനയത്തിന് തയ്യാറായേക്കും. യുദ്ധം അവസാനിപ്പിക്കാനാണ് യുക്രൈനും ആഗ്രഹിക്കുന്നത്. ക്രിമിയയിലെ റഷ്യയുടെ അധികാരവും ദോന്‍ബാസിലെ ചില ഭാഗങ്ങളിലെ റഷ്യന്‍ അവകാശ വാദവും യുക്രൈന്‍ അംഗീകരിക്കും. മറു വശത്ത് യുക്രൈന്‍ സ്വാതന്ത്ര്യത്തെ റഷ്യയും അംഗീകരിക്കും.

പുടിന്റെ സ്ഥാനം നഷ്ടപ്പെടുക

റഷ്യയുടെ അധികാരം പുടിന് നഷടപ്പെടുക എന്ന സാധ്യതയാണ് അവസാനത്തേത്. വളരെ വിദൂര സാധ്യത ആണെങ്കിലും ഇത് തള്ളികളയാൻ ആവില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. റഷ്യയെ തളര്‍ത്തുകളയുന്ന സാമ്പത്തിക വിലക്കുകളാണ് ഇതിനകം പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുമായുള്ള ഇടപാടുകള്‍ ലോകബാങ്ക് നിര്‍ത്തി വെച്ചു. റഷ്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക നില തകരുന്നത് റഷ്യന്‍ ജനതയ്ക്ക് പുടിന്‍ സര്‍ക്കാരിനോട് അതൃപ്തിയുണ്ടാക്കും. ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് കൊല്ലപ്പെടുന്നത്. പുടിന്റെ ജനപ്രീതി ഇതിലൂടെ നഷ്ടമാകും. പുടിന്‍ പുറത്തു പോയാല്‍ വിലക്കുകള്‍ പിൻവലിക്കും എന്ന പാശ്ചാത്യ ശക്തികളുടെ ഉറപ്പിന്മേൽ റഷ്യന്‍ സൈന്യം, സര്‍ക്കാരിലെ ഒരു വിഭാഗം, രാജ്യത്തെ സമ്പന്നശക്തികള്‍ എന്നിവര്‍ പുടിനെതിരെ തിരിഞ്ഞേക്കും.