ലണ്ടന്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മദ്യപാനം മൂലം മരിക്കുന്നത് സ്‌കോട്ട്‌ലന്റിലെന്ന് വെളിപ്പെടുത്തല്‍. 2014ല്‍ രാജ്യത്ത് മദ്യപാനം മൂലം മരിച്ചത് 8697 പേരാണ്. ഇതില്‍ അറുപത്തഞ്ച് ശതമാനവും പുരുഷന്‍മാരാണ്. നാഷണല്‍ സ്റ്റാറ്റ്സ്റ്റിക്‌സില്‍ നിന്നുളള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് മദ്യപാനം മൂലം ഉണ്ടാകുന്ന മരണങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഇരുപത് വര്‍ഷത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലാണ്. 2008ല്‍ ഒരു ലക്ഷം പേരില്‍ 15.8 ശതമാനവും മദ്യപാനം മൂലമാണ് മരിച്ചത്. എന്നാല്‍ 2014ലെത്തുമ്പോഴേക്കും ഇത് 14.3 ശതമാനമായി കുറഞ്ഞു. 1994ല്‍ ഇത് വെറും 9.1 ശതമാനമായിരുന്നു.  സ്‌കോട്ട്‌ലന്റില്‍ ഒരുലക്ഷം പേരില്‍ 31.2ശതമാനവും മദ്യപാനം മൂലമാണ് മരിക്കുന്നത്.
വടക്കന്‍ അയര്‍ലന്റില്‍ ഇത് 20.3 ശതമാനവും വെയില്‍സില്‍ 19.9 ശതമാനവും ഇംഗ്ലണ്ടില്‍ 18.1 ശതമാനവുമാണ്. അമ്പത്തഞ്ചിനും അറുപത്തിനാലിനുമിടയില്‍ പ്രായമുളളവരിലേറെയും മദ്യപാനം മൂലമാണ് മരിക്കുന്നത്. അറുപതിനും അറുപത്തിനാലിനുമിടയില്‍ പ്രായമുളള ഒരു ലക്ഷം പുരുഷന്‍മാരില്‍ 47.6 ശതമാനവും മദ്യപാനം മൂലം മരിക്കുന്നു. അമ്പത്തഞ്ചിനും 59നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ ഇത് 22.1 ശതമാനം മാത്രമാണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം അമ്പതിന് മേല്‍ പ്രായമുളളവരില്‍ മദ്യപാനം അപകടകരമായ നിലയിലാണ്.

മദ്യപാനം മൂലമുളള മരണങ്ങള്‍ കൂടുതലും സ്‌കോട്ട്‌ലന്റിലാണെങ്കിലും 2000ത്തിന് ശേഷം നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഇത്തരത്തിലുളള മരണങ്ങളേറെയും വടക്കന്‍ ഇംഗ്ലണ്ടിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലുമാണ് മദ്യപാനം മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുളളത്. ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്ന മരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.

മദ്യപാനം മൂലം കരള്‍ രോഗങ്ങളും സീറോസിസും മറ്റും ബാധിച്ചുണ്ടാകുന്ന മരണങ്ങള്‍ മാത്രമാണ് ഇതില്‍ പെടുത്തിയിട്ടുളളത്. മദ്യപാനം മൂലമുണ്ടാകുന്ന റോഡപകട മരണങ്ങളും മദ്യപാനവുമായി ഭാഗികമായി ബന്ധമുളള വായിലെ അര്‍ബുദങ്ങളും കരള്‍ അര്‍ബുദങ്ങളും മൂലമുളള മരണങ്ങളും ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ല. മദ്യം വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ദോഷമുണ്ടാക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് അധ്യക്ഷന്‍ പ്രൊഫ.കെവിന്‍ ഫെന്റോണ്‍ പറഞ്ഞു. പ്രാദേശിക ഇടപെടലുകളും പരിചരണവും ആവശ്യമുളളവര്‍ക്ക് അത് നല്‍കാന്‍ സമൂഹം ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ മദ്യപാന ശീലത്തെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും പരിശോധിച്ച് വരികയാണ്. വിപണിയും വിലയുമായി മദ്യപാനശീലത്തിനുളള ബന്ധവും പരിശോധിക്കുന്നുണ്ട്. മദ്യപാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ എങ്ങനെ കുറയ്ക്കാനാകും എന്നതിനെ സംബന്ധിച്ച് ഉടന്‍ തന്നെ സര്‍ക്കാരിന് വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ മദ്യപാനം മൂലമുണ്ടാകുന്ന മരണത്തിന്റെ എണ്ണം ഇരട്ടിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മധ്യവയസ്‌കരിലെ മദ്യപാനത്തിന്റെ അപകടത്തെയും പഠനം ഉയര്‍ത്തിക്കാട്ടുന്നു. ഈ കണക്കുകള്‍ ഗൗരവമായെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും മോശമാകുമെന്നും മുന്നറിയിപ്പും മദ്യവിരുദ്ധ പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ടോം സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.