ഇന്ത്യന്‍ വംശജനായ കോര്‍ണര്‍ ഷോപ്പ് മാനേജര്‍ വിജയ് പട്ടേലിന്റെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൗമാരക്കാരനായ കൊലയാളിക്ക് ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്തു. ലണ്ടനിലെ മില്‍ഹില്ലില്‍ നടന്ന ഈ സംഭവത്തിന് ഒരു മറുവശമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലണ്ടനില്‍ കണ്ടുവരുന്ന വ്യാപകമായ അതിക്രമങ്ങളുമായി അത്ര പരിചയമില്ലാത്ത പ്രദേശമായിട്ടും പട്ടേലിന്റെ കൊലപാതകത്തിന് ലണ്ടന്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവമുണ്ടായിരുന്നു. 16 കാരനായ കൊലയാളിയും രണ്ട് സുഹൃത്തുക്കളുമായിരുന്നു ഷോപ്പിലേക്ക് എത്തിയത്. മദ്യലഹരിയിലായിരുന്ന ഇവര്‍ റിസ്ല സിഗരറ്റ് പേപ്പര്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ കടയില്‍ നിന്ന് നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ അക്രമി പട്ടേലിനെ പിടിച്ചു തള്ളുകയായിരുന്നു. വീഴ്ചയില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്.
അക്രമിക്കെതിരെ കൊലപാതകത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് അത് നരഹത്യക്കുള്ള വകുപ്പാക്കി മാറ്റി. ആയുധങ്ങള്‍ കൈവശം വെച്ചതിനും സ്‌കൂള്‍ ടീച്ചറെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുകള്‍ നേരത്തേ എടുത്തിട്ടുള്ളതായി കണ്ടെത്തി. നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് ഓള്‍ഡ് ബെയിലി കോടതി നല്‍കിയത്. പട്ടേലിന്റെ കുടുംബം ഇന്ത്യയിലാണ്. ലണ്ടനിലായിരുന്ന ഭാര്യ മാതാപിതാക്കളെ നോക്കുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന മൂത്ത മകന്റെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇളയ മകന്റെയും ഭാരിച്ച വിദ്യാഭ്യാസച്ചെലവുകളും മറ്റും പട്ടേലിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചായിരുന്നു മുന്നോട്ടു പോയിരുന്നത്.
ഇത്രയും ഒരു സാധാരണ കഥയെന്ന് തോന്നാമെങ്കിലും ഇനിയാണ് ട്വിസ്റ്റ്. മരണത്തിനു ശേഷം പട്ടേലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അദ്ദേഹത്തിന്റെ ഭാര്യ സമ്മതം അറിയിച്ചു. മൂന്ന് ജീവനുകള്‍ രക്ഷപ്പെടുത്തിയ ശേഷമാണ് പട്ടേല്‍ മടങ്ങിയത്. മദ്യപാന ശീലമില്ലാത്ത, ദിവസവും നടക്കുന്ന പട്ടേലിന്റെ ജീവിതശൈലി മൂലം ആരോഗ്യവാനായിരുന്ന അദ്ദേഹത്തിന്റെ വൃക്കകളും പാന്‍ക്രിയാസുമാണ് മൂന്നു രോഗികള്‍ക്ക് ജീവദായകമായത്.
Leave a Reply