ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കാനിരുന്ന പുകവലി നിരോധനം നടപ്പിൽ വരാത്തതിന് ഉത്തരവാദി ആരാണ്. പുകയില നിരോധനം രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രി ഋഷി സുനകിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ട് പ്രമുഖ പത്രമായ ഗാർഡിയൻ പുറത്തുവിട്ടു. ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിക്കുന്നത് പ്രമുഖ ടുബാക്കോ കമ്പനികളുടെ സർക്കാരിന്റെ മേലുള്ള സമ്മർദ്ദമാണ്.

2009 -ന് ശേഷം ജനിച്ച ആർക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഈ നിയമം നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുത്തില്ലെന്നതാണ് വിമർശനം ഋഷി സുനക് സർക്കാരിനെതിരെ നീങ്ങാൻ കാരണമായിരിക്കുന്നത്. നിയമപരമായ ഭീഷണികൾ, ലോബിയിംഗ്, കൺസർവേറ്റീവ് എംപിമാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ കമ്പനികൾ ആസൂത്രിതമായി നടപ്പിലാക്കിയതാണ് നിരോധാനത്തിൽ നിന്ന് പിന്നോക്കം പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.


സർക്കാരിന്റെ നയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിന്ന് പിന്നോട്ടടിച്ചതിന് ലോകത്തിലെ ഏറ്റവും വലിയ നാല് പുകയില സ്ഥാപനങ്ങൾ പങ്കെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലെ ഇംപീരിയൽ ബ്രാൻഡുകളും ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോയും (BAT), ജപ്പാൻ ടൊബാക്കോ ഇൻ്റർനാഷണൽ (JTI), യുഎസ് ആസ്ഥാനമായ ഫിലിപ്പ് മോറിസ് ഇൻ്റർനാഷണൽ (PMI) . എന്നിവയാണ് ഈ കമ്പനികൾ. നിരോധാനത്തിനെതിരെ ഇംപീരിയലും ബിഎടിയും ഫെബ്രുവരിയിൽ ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസിന് കത്തെഴുതി. യുകെയിൽ വിൽക്കുന്ന പുകയില ഉത്പന്നങ്ങളുടെ പകുതിയും ഉത്പാദിപ്പിക്കുന്നത് ഇംപീരിയൽ ബ്രാൻഡ് ആണ് . നിരോധനം നടപ്പിലാക്കുകയാണ് പുകയില ഉത്പന്നങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കായി എൻഎച്ച്എസ് ചിലവഴിക്കുന്ന കോടിക്കണക്കിന് ഫണ്ടും ആളുകളുടെ ജീവനും രക്ഷിക്കാൻ സാധിക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവിദഗ്ധർ പറയുന്നത്.