മാധ്യമപ്രവര്‍ത്തകന്‍ സനില്‍ കുമാര്‍ സുഷമ സ്വരാജിനെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സുഷമാ സ്വരാജിന്റെ വിയോഗം പലര്‍ക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Image result for HIV STUDENT BENSON BENCY KISSING SUSHMA SWARAJ

വാജ്‌പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍ ബെന്‍സണും ബെന്‍സിയും എച്ച് ഐ വി ബാധിതരാണ് അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലുള്ള കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ ഈ കുട്ടികള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കള്‍.

ബെന്‍സനേയും ബെന്‍സിയേയും സ്‌കൂളില്‍ അധികൃതര്‍ വിലക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.
ഇത് ചര്‍ച്ച ആക്കാന്‍ തീരുമാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാന്‍, സീ ടി വിയിലെ റോയ് മാത്യു, എന്‍ ഡി ടി വിയിലെ ബോബി നായര്‍, സി എന്‍ ബി സി യിലെ രാജേഷ് ദിവാകര്‍ എന്നിവര്‍ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് വച്ച് ഏഷ്യാനെറ്റ് കൊല്ലം റിപ്പോര്‍ട്ടര്‍ വിനു. വി. ജോണും ചേര്‍ന്നു. ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെ പി ടി എ മീറ്റിങ് നടക്കുകയാണ്. സ്ഥലം എം എല്‍ എ പ്രതാപവര്‍മ്മ തമ്പാനും മീറ്റിങ്ങിലുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തില്‍ ഇയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ നിലപാട് എടുത്തു. രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങള്‍ പകര്‍ത്തി. എംഎല്‍എയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഞങ്ങളോട് കയര്‍ത്തു.

പിന്നീട് ഞങ്ങള്‍ ബെന്‍സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തില്‍ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വാര്‍ത്ത എല്ലാവരും അതാത് ചാനലുകളില്‍ എയര്‍ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണര്‍ത്തി.

അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും (റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെന്‍സനും ബെന്‍സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി. കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അച്ചായന്‍ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല.

ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പിആര്‍ഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്‌സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോള്‍ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്‌സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം.

അങ്ങനെ സുഷമ ലാറ്റക്‌സിലെത്തി. സന്ദര്‍ശനത്തിനിടെ ലാലു ബെന്‍സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി.

പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്‍സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല. സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്‍സനും ബെന്‍സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് അന്ന് സുഷമ സ്വരാജ് മടങ്ങിയത്.