ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടന്നത് ഒട്ടേറെ കാര്യങ്ങൾ. ഞായറാഴ്ച ലോറ കുവെൻസ് ബെർഗുമായുള്ള അഭിമുഖത്തിൽ അധികം നികുതി കുറയ്ക്കാനുള്ള തൻെറ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ ആത്മവിശ്വാസത്തോടെ തന്നെ ഈ തീരുമാനത്തിൽ തുടരുമെന്ന് ലിസ് ട്രസ് പറഞ്ഞിരുന്നു. മിനി ബഡ്ജറ്റ് അവതരണത്തിന് പിന്നാലെ നിരവധി പ്രതിസന്ധികളാണ് ട്രസ് അഭിമുഖീകരിച്ചത്. തന്റെ പാർട്ടിയിലെ വിമത എംപിമാർ പ്രതിപക്ഷ പാർട്ടിയിലെ എംപിമാരുമായി കൈ കോർക്കുമെന്നുപോലുമുള്ള തരത്തിലേക്ക് സാഹചര്യങ്ങൾ മാറി.
പുതിയ മിനി ബഡ്ജറ്റ് നയങ്ങൾ മന്ത്രിമാർക്ക് സ്വീകാര്യമല്ല എന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന ചർച്ചകളിൽ വ്യക്തമായിരുന്നു. ലിസ് ട്രസിനെതിരെ രൂക്ഷ വിമർശനവുമായി ബോറിസ് മന്ത്രി സഭയിലെ അംഗമായിരുന്ന മൈക്കൽ ഗോവ് രംഗത്തെത്തി. ട്രസിന്റെ എതിരാളികളായിരുന്ന കെമി ബാഡെനോക്ക്, ഋഷി സുനക്ക് എന്നിവരെ പിന്തുണച്ചു കൊണ്ടായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തിൻറെ സാമ്പത്തിക അസ്ഥിരതയെ കുറിച്ച് സംസാരിച്ച അദ്ദേഹം ട്രസ് തൻെറ തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു. ബർമിംഗ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് ആരംഭിച്ചപ്പോൾ തന്നെ ആദ്യമായി ഉയർന്ന വിമർശനവും ഇതായിരുന്നു. സമ്പന്നർക്കുള്ള നികുതിവെട്ടി കുറയ്ക്കുന്ന തീരുമാനം വഴി സർക്കാർ പതിനായിരക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുകയാണെന്നുമുള്ള വിമർശനം പരക്കെ ഉയർന്നു. താമസിയാതെ തന്നെ തങ്ങൾ എടുത്ത പുതിയ നയം തെറ്റായിരുന്നുവെന്നും ഈ തീരുമാനം ഉപേക്ഷിക്കണമെന്നും സമ്മതിച്ചുകൊണ്ട് ലിസ് ട്രസും ക്വാസി ക്വാർട്ടേംഗും രംഗത്ത് വന്നു. അധികാരമേറ്റ് ഒരു മാസത്തിൽ താഴെ മാത്രം തികയുന്ന സർക്കാരിന് ഇത് വലിയൊരു തിരിച്ചടിയാണ്. എന്നാൽ ഈയൊരു സാഹചര്യത്തിൽ ചാൻസലർ ആയ ക്വാസി ക്വാർട്ടേംഗ് വളരെ ശാന്തനായിരുന്നെന്നും പുതിയ നയ മാറ്റത്തിൽ ആശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ പറഞ്ഞു.
Leave a Reply