ഷാര്‍ജഃ വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍ പറക്കാന്‍ അനുമതി നിഷേധിച്ച എയര്‍ ഇന്ത്യ വിമാനവുമായി പൈലറ്റുമാര്‍ ഇന്ത്യയിലേക്ക് തിരിച്ചു. സംഭവം യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (ജി.സി.എ.എ) ശക്തമായ പ്രതികരണത്തിന് ഇടയാക്കിയിരുന്നു. ഈ വിമാനം രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുമെന്ന് ജി.സി.എ.എ ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്ന് ഒരു ഉന്നതഉദ്യോഗസ്ഥനെ എയര്‍ ഇന്ത്യ ദുബായിലേക്ക് അയച്ചിരുന്നു.
മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ടെക്‌നീഷ്യന്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി കൊല്ലപ്പെട്ട് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ സംഭവം. ജനുവരി 26 ന് ഷാര്‍ജയിലെത്തിയ എ.ഐ967 ചെന്നൈതിരുവനന്തപുരംഷാര്‍ജ വിമാനത്തിലാണ് ഷാര്‍ജ വിമാനത്താവള അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. പരിശോധനയില്‍ വിമാനത്തിന്റെ കാര്‍ഗോ നെറ്റിന് കേടുവന്നതായി കണ്ടെത്തിയതിന് പുറമേ വിമാനത്തിന്റെ ടയറുകളില്‍ ഒന്നിലും എഞ്ചിന്‍ ബ്ലേഡിലും ചെറിയ വിള്ളലും കണ്ടെത്തി.
വിമാനത്തിന്റെ മെയിന്റനന്‍സ് കാലാവധിയ്ക്കുള്ളിലാണ് തകരാര്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച രേഖകളും കൃത്യമായിയിരുന്നില്ല. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച്, റഫറല്‍ നമ്പരുകള്‍ സഹിതം രേഖകള്‍ കൃത്യമാക്കിയ ശേഷം മാത്രം ഇന്ത്യയിലേക്ക് തിരിച്ചു പറന്നാല്‍ മതിയെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഡ്യൂട്ടി സമയം പൂര്‍ത്തിയാക്കിയ പൈലറ്റ്, ഇക്കാര്യം തിരിച്ചുള്ള വിമാനം പറത്തുന്ന പൈലറ്റുമാരെ അറിയിക്കാതെ താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് പോകുകയായിരുന്നു. സംഭവമൊന്നുമറിയാത്ത മറ്റുപൈലറ്റുമാര്‍ റിട്ടേണ്‍ ഫ്‌ലൈറ്റ് തിരുവനന്തപുരത്തേക്ക് പറത്തുകയായിരുന്നു. വിമാനം മസ്‌ക്കറ്റിന്റെ ആകാശപരിധിയിലെത്തിയപ്പോഴാണ് തങ്ങള്‍ തടഞ്ഞിട്ട വിമാനം തിരികെപറന്ന വിവരം ഷാര്‍ജ അധികൃതര്‍ തിരിച്ചറിയുന്നത്.
സംഭവത്തില്‍ ജനുവരി 31 ന് ജി.സി.എ.എ എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗത്തില്‍ നിന്ന് വിശദീകരണം തേടിയപ്പോള്‍ മാത്രമണ് എയര്‍ഇന്ത്യ മാനെജ്‌മെന്റ് സംഭവം അറിയുന്നത് തന്നെ..! ഷാര്‍ജ വിമാനത്താവള അധികൃതരുടെ പരിശോധന ‘പതിവ്’ ആണെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു എയര്‍ഇന്ത്യ വക്താവ് പ്രതികരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് വ്യോമാനയാന ചട്ടങ്ങള്‍ ലംഘിച്ചതിന് പൈലറ്റിനെ അന്താരാഷ്ട്ര വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് എയര്‍ഇന്ത്യ വിലക്കേര്‍പ്പെടുത്തി.
വിമാനം പുറപ്പെടുന്നതിന് വിമാനത്തിന്റെ സൂക്ഷപരിശോധന പൂര്‍ത്തിയാക്കണമെന്ന് പൈലറ്റിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഷാര്‍ജയില്‍ വച്ച് ജീവനക്കാരില്‍ മാറ്റമുണ്ടായെന്നും എല്ലാ സൂക്ഷ്മപരിശോധനയും മെയിന്റനന്‍സ് ഏജന്‍സിയാണ് നടത്തിയതെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. മുഖ്യ പൈലറ്റിനെതിരായ നടപടി കമ്പനിയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.