ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടന്റെ സാമ്പത്തിക രംഗം തകർച്ചയിൽ നിന്നും വളർച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വളർച്ചയുടെ ആനുകൂല്യം നിങ്ങൾക്കും ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ജോലിക്ക് ശരിയായ ശമ്പളം നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ?? നിങ്ങൾ അതിൽ തൃപ്തരാണോ ?? ഈ ചോദ്യങ്ങൾക്ക് ഇല്ലാ എന്ന ഉത്തരമാണ് നിങ്ങൾക്ക് മുന്നിൽ വരുന്നതെങ്കിൽ, നിശ്ചയമായി ശമ്പള വർദ്ധനവ് ആവശ്യപ്പെടണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ജോലിസാധ്യതകൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ ആയ ഗ്ലാസ് ഡോർ, മോൺസ്റ്റർ തുടങ്ങിയവയിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് നിങ്ങളുടെ കഴിവിനും എക്സ്പീരിയൻസിനും അനുസരിച്ച് ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാകുന്നതാണ്. അതോടൊപ്പം തന്നെ അനൗപചാരികമായി നിങ്ങൾക്ക് നിങ്ങളുടെ അതേ സ്ഥാനത്ത് ജോലി ചെയ്യുന്നവരുമായി സംവദിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെ പറ്റി ധാരണ ഉണ്ടാക്കാവുന്നതാണെന്ന് അലയൻസ് മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിലെ ഓർഗനൈസേഷണൽ സൈക്കോളജി ആൻഡ് ഹെൽത്ത് പ്രൊഫസർ ക്യാരി കൂപ്പർ വ്യക്തമാക്കുന്നു. സ്ത്രീക്കും പുരുഷനും തുല്യമായ ശമ്പളം ലഭിക്കുന്നത് ഇപ്പോഴും ചിലയിടങ്ങളിൽ നടക്കുന്നില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ശമ്പള വർദ്ധനവ് ആവശ്യപ്പെടുന്നവരിൽ, സ്ത്രീകളെക്കാൾ പുരുഷന്മാർക്ക് കൂടുതൽ പരിഗണന ലഭിക്കുന്നു എന്നത് വാസ്തവമായ കാര്യമാണെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ സ്ഥാപനത്തിൽ പുരുഷന്മാരെക്കാൾ നിങ്ങൾക്ക് വേതനം കുറവാണു ലഭിക്കുന്നത് എന്ന് സംശയമുണ്ടെങ്കിൽ, ഗവൺമെന്റിന്റെ ജെൻഡർ പേ ഗ്യാപ് ഡാറ്റാ ബേസിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും വിദഗ്ധർ ഉപദേശം നൽകുന്നു.

പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വേതന വർദ്ധനവിനെ പറ്റി സംസാരിക്കാൻ മടിക്കുന്നവരാണെന്ന് സർവ്വേകൾ വ്യക്തമാക്കുന്നു. തങ്ങളുടെ കഴിവിന് ആവശ്യമായ വർദ്ധനവ് തങ്ങൾക്ക് ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടെന്നും, എന്നാൽ പലപ്പോഴും ഇത് നടക്കാറില്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ ബോസ് അധികം തിരക്കില്ലാതിരിക്കുന്ന സമയത്ത് കൃത്യമായ സമയം കണ്ടെത്തി നിങ്ങളുടെ ആവശ്യം അവതരിപ്പിക്കണമെന്നാണ് പ്രൊഫസർ കൂപ്പർ വ്യക്തമാക്കുന്നത്. നിങ്ങളുടെ ആവശ്യം നേരിട്ട് നിങ്ങളുടെ മേധാവിയോട് അറിയിക്കുന്നതാണ് ഉചിതമെന്ന് ഫ്ളക്സിബിൾ വർക്കിംഗ്‌ നെറ്റ്‌വർക്ക് സി ഇ ഒ കെനെ ഹാമിൽട്ടൺ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ ജോലിക്ക് ആവശ്യമായ ശമ്പളം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തി, ആവശ്യമെങ്കിൽ വേതന വർദ്ധനവ് ഉറപ്പാക്കേണ്ടതാണ്.