ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ തുടർച്ചയായി മലയാളികൾ മരണപ്പെടുന്ന സാഹചര്യത്തെകുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന ചർച്ച ശ്രദ്ധേയമാകുന്നു. മലയാളികൾ മരണപ്പെട്ട് കഴിയുമ്പോൾ ബോഡി എങ്ങനെ നാട്ടിൽ കൊണ്ടുപോകും എന്നത് സംബന്ധിച്ച് പലവിധമായ അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. വിറാൾ മലയാളി അസോസിയേഷൻ ഭാരവാഹിയായ ജോഷിയുമായി ടോം ജോസ്‌ തടിയംപാട് നടത്തിയ അഭിമുഖമാണിപ്പോൾ യുകെയിൽ ചർച്ചയാകുന്നത്. ‘യുകെയിൽ നേരത്തെ മരണമടഞ്ഞ മനോജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഈ നടപടികളിലേയ്ക്ക് കടക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ വലിയൊരു തുക ചിലവാകും എന്നുള്ളത് വസ്തുതയാണ്. എന്നാൽ എങ്ങനെയും മനോജിന്റെ ബോഡി നാട്ടിൽ കൊണ്ടുപോകണം എന്ന രീതിയിൽ മാത്രമാണ് അന്ന് ശ്രമിച്ചത്. സമീപത്തെ പള്ളി വികാരിയുമായി സംസാരിച്ചപ്പോൾ സഹായങ്ങൾ ലഭിച്ചു. അതനുസരിച്ചു മുന്നോട്ട് പോയി’- ജോഷി പറഞ്ഞു.

അന്ന് 20000 പൗണ്ട് ആയിരുന്നു നാട്ടിൽ എത്തിക്കാൻ വേണ്ടത്. എന്നാൽ ആ സമയത്ത് അത് കുറഞ്ഞു 4500 പൗണ്ടിൽ എത്തിയിരുന്നു. എങ്കിലും അത്രയും വലിയൊരു തുക വേണ്ടി വരും എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും, ബാക്കി ക്രമീകരണങ്ങൾ എല്ലാം മുന്നോട്ടുള്ള യാത്രയിലാണ് മനസിലാക്കിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ പിന്നീട് പല ആളുകൾ മുഖേനയും സംസാരിച്ചപ്പോൾ തുക കുറഞ്ഞു വന്നു. ഏറ്റവും ഒടുവിൽ 2250 പൗണ്ടിൽ എത്തിയെന്നും ജോഷി ഓർത്തെടുക്കുന്നു. ഇതിന്റെ പ്രവർത്തനം എങ്ങനെയെന്ന് മനസിലാക്കാൻ മുൻപ് മൃതദേഹം നാട്ടിലേക്ക് അയച്ചിട്ടുള്ള മലയാളികളെ തേടിപോയിരുന്നു. പുറം രാജ്യത്ത് ഒരാൾ മരിച്ചാൽ പൊതുവിൽ ഉള്ള എല്ലാവരുടെയും ഒരു ധാരണയാണ് എം പിയെയും എം എൽ എയും ബന്ധപ്പെട്ടാൽ ഈ കടമ്പകൾ എല്ലാം കടക്കാം എന്നുള്ളത്. പക്ഷെ അത് വെറും തെറ്റിദ്ധാരണയാണ്. ജനപ്രതിനിധി എന്നുള്ള നിലയിൽ ഇടപെടൽ നടത്താം എന്നതിനപ്പുറം ഒന്നും തന്നെ നടക്കില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ കളക്ടർ മുഖേന എംബസിയുമായി ബന്ധപ്പെട്ടാൽ കാര്യങ്ങൾ മുൻപോട്ട് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് രാജ്യത്ത് വെച്ച് മരിച്ചാലും മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയും. പക്ഷെ പലപ്പോഴും ചില തെറ്റിദ്ധാരണകളാണ് അതിന് തടസ്സം സൃഷ്ടിക്കുന്നത്.

മൃതദേഹം കൈമാറുന്നതിലെ നിയമതടസങ്ങൾ നീക്കേണ്ടത് ഫ്യൂനറൽ ഡയറക്റ്ററിന്റെ ചുമതലയാണ്. മരണം സംബന്ധിച്ച്, ഉദാഹരണമായി കോവിഡ് ബാധിച്ചുള്ള മരണം ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റും ഫ്യുണറൽ ഡയറക്ടർ അധികൃതരുടെ പക്കൽ നിന്നും വാങ്ങി തരും. ഇതിനായി ആദ്യം ചെയ്യേണ്ടത് മരണപ്പെട്ട വ്യക്തിയുടെ പാസ്പോർട്ട്‌ ഇവർക്ക് കൈമാറുക എന്നുള്ളതാണ്. ഇത് രേഖയായി കണക്കിലെടുത്താണ് അവർ മുൻപോട്ട് പോകുന്നത്. നാട്ടിലെ പോലെ ഇടനിലക്കാർ മുഖേന എംബസി ഓഫീസിനെ സമീപിക്കേണ്ട കാര്യമില്ല. പ്രവാസികളെ സഹായിക്കാൻ ആണ് എംബസി പ്രവർത്തിക്കുന്നത്. ആ അർത്ഥത്തിൽ അതിനെ കാണുവാൻ കഴിയണം. നേരത്തെ മാഞ്ചസ്റ്ററിൽ നിന്നാണ് വിമാനം മുഖേന നാട്ടിൽ എത്തിച്ചത്. ആഴ്ചയിൽ രണ്ട് വിമാനം ആയിരുന്നു ഉണ്ടായിരുന്നത്. ഇതെല്ലാം ഫ്യൂനറൽ ഡയറക്ട്ടറിന്റെ ചുമതലയാണ്- അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 8-ാം തീയതി യോർക്ക് ഷെയറിൽ വച്ച് നടത്തപ്പെട്ട മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ലഭിച്ചത് അഭിമുഖം നടത്തിയ ടോം ജോസഫ് തടിയംപാടിനാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവനകളെ പരിഗണിച്ചാണ് ഇദ്ദേഹത്തെ അവാർഡ് ജേതാവായി തെരഞ്ഞെടുത്തത്. ഇടുക്കി ചാരിറ്റിയുടെ സെക്രട്ടറിയായ ടോം ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിൽ അശരണരും നിരാലംബരുമായ നിരവധി പേർക്ക് തന്റെ ചാരിറ്റി പ്രവർത്തനത്തിലൂടെ സഹായഹസ്തം നൽകിയിട്ടുണ്ട്.