ഷോപ്പിംഗ് കാര്‍ഡുകളും ഡിസ്‌കൗണ്ട് ഓഫറുകളും ഉപയോഗപ്പെടുത്തി ബ്രിട്ടനിലെ ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ ലാഭിക്കുന്നത് 10 ബില്യണ്‍ പൗണ്ട്. ശരാശരി 108 പൗണ്ടെന്ന കണക്കില്‍ ആകെ ഏതാണ്ട് 9.8 ബില്യണ്‍ പൗണ്ടിന്റെ ലാഭമാണ് വിവേകികളായ ഉപഭോക്താക്കള്‍ ഒരു വര്‍ഷത്തില്‍ ഉണ്ടാക്കുന്നത്. വര്‍ഷത്തില്‍ 120,000 പൗണ്ട് സമ്പാദിക്കുന്ന ബ്രിട്ടിഷ് ഉപഭോക്താവ് ഷോപ്പിംഗ് നടത്തുമ്പോള്‍ വിലപേശിയും ഡിസ്‌കൗണ്ട് വൗച്ചറുകള്‍ ഉപയോഗപ്പെടുത്തിയും ഏതാണ്ട് 408 പൗണ്ട് വരെ ലാഭിക്കുന്നതായി കണ്‍സ്യൂമര്‍ റിസര്‍ച്ച് വിവരങ്ങള്‍ വ്യക്തമാക്കുന്നു. 10000 മുതല്‍ 20000 വരെ വര്‍ഷത്തില്‍ വരുമാനം ലഭിക്കുന്ന തൊഴിലാളികള്‍ വര്‍ഷത്തില്‍ ഇത്തരത്തില്‍ ലാഭിക്കുന്ന തുക ഏതാണ്ട് 144 പൗണ്ടോളം വരും.

ആഴ്ച്ചയില്‍ ഒരിക്കല്‍ നടത്തുന്ന ഔട്ടിംഗിലാണ് ഇത്തരം വിവേകപൂര്‍ണമായ ഷോപ്പിംഗ് ഉപഭോക്താക്കള്‍ നടത്തുന്നത്. ആഴ്ച്ചയിലൊരിക്കല്‍ സന്ദര്‍ശിക്കുന്ന സ്പാ, മസാജ് അല്ലെങ്കില്‍ റെസ്റ്റോറന്റുകള്‍ ബില്ലുകള്‍ തുടങ്ങിയവയാണ് ഓഫറുകള്‍ ഉപയോഗപ്പെടുത്തുന്ന പ്രധാന മേഖലകള്‍. ഏതാണ്ട് 2000ത്തോളം ഉപഭോക്താക്കളിലാണ് കണ്‍സ്യൂമര്‍ സര്‍വ്വേ നടത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ വലിയൊരു ശതമാനവും ഇത്തരത്തില്‍ ലാഭമുണ്ടാക്കുന്നതായി സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. 35 മുതല്‍ 54 വയസ്സുവരെയുള്ള ഉപഭോക്താക്കളാണ് വിലപേശി സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ ഏറ്റവു മിടുക്ക് കാണിക്കുന്ന ആളുകള്‍. ഈ പ്രായക്കാരില്‍ നടത്തിയ സര്‍വ്വേ ഫലങ്ങളില്‍ 91 ശതമാനം പേരും വില പേശി സാധനങ്ങള്‍ വാങ്ങിക്കുന്നവരാണ്. 18 മുതല്‍ 34 വയസ്സുവരെ പ്രായമുള്ളവരില്‍ 88 ശതമാനം പേരും 55 വയസ്സിന് മുകളില്‍ പ്രായമുള്ള 81 ശതമാനം പേരും വിലപേശുന്നവരാണ്.

ലണ്ടനില്‍ താമസിക്കുന്ന ആളുകള്‍ വര്‍ഷത്തില്‍ ഡിസ്‌കൗണ്ട് വൗച്ചറുകളിലൂടെ ലാഭിക്കുന്നത് 216 പൗണ്ടാണ്. ഷെഫീല്‍ഡിലെ ഉപഭോക്തൃ ലാഭം 204 പൗണ്ടും നോട്ടിംഗ്ഹാം, ലിവര്‍പൂള്‍, ലീഡ്‌സ്, ബ്രിസ്‌ടോള്‍ എന്നിവടങ്ങളിലെ ഉപഭോക്താക്കള്‍ 180 പൗണ്ടും ലാഭിക്കുന്നു. ഡിസ്‌കൗണ്ട് വൗച്ചറുകള്‍ക്ക് പ്രിയമേറിയ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് സൗത്ത് ഇഗ്ലണ്ടിലാണ്. ബ്രിസ്‌ടോളിലെ 93 ശതമാനം പേര്‍ക്കും ഡിസ്‌കൗണ്ട് വൗച്ചറുകള്‍ വിലപ്പെട്ടതാണ്. സിനിമാ കാണുന്നതിനായിട്ടാണ് ഇവിടുത്തെ 44 ശതമാനം പേരും ഡിസ്‌കൗണ്ട് വൗച്ചറുകള്‍ ഉപയോഗിക്കുന്നത്. ഓഫറുകള്‍ക്ക് പ്രിയമേറയുള്ള മറ്റൊരു നഗരം പ്ലൈമൗത്താണ്. ആഴ്ച്ചകളില്‍ നടത്തുന്ന ഫുഡ് ഷോപ്പിംഗിനായിട്ടാണ് ഇവര്‍ ഏറ്റവും കൂടുതല്‍ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിക്കുന്നത്.