ജോജി തോമസ്
ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ വൈറസിതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ പോരാട്ടം മുൻ നിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല. യുകെ ഉൾപ്പെടെ കോവിഡിന്റെ താണ്ഡവം തുടരുന്ന പലരാജ്യങ്ങളിലും നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ ഈ ആരോഗ്യ പ്രവർത്തകരുടെ ജീവൻ മരണ പോരാട്ടത്തെ സാമ്പത്തികാനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുന്നില്ല. വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ബ്രിട്ടനിലാണ്.കോവിഡ് -19 മൂലം മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്ക് 60000 പൗണ്ടിന്റെ ഇൻഷുറൻസ് പരിരക്ഷ തന്നെ യുകെയിൽ നിലവിൽ വന്നത് അടുത്തയിടെ വളരെയധികം സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ്.
എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ലോക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് 80% വേതനം നൽകാനുള്ള ഗവൺമെന്റ് തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്. എന്നാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട സ്ഥാപനങ്ങളും ഇതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. അക്കൗണ്ടൻസി ഫേമുകൾ പോലെയുള്ള സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുത്തി സാധാരണപോലെ ജോലി എടുപ്പിച്ചിട്ട് ഗവൺമെന്റിനേ കൊണ്ട് ശമ്പളം കൊടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫെബ്രുവരി 28ന് പെയ്റോളിലുള്ള എല്ലാവർക്കും ശമ്പളത്തിന്റെ 80% ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യമായി ലഭിക്കുമെന്നാണ് നയപ്രഖ്യാപനം. പല ചെറുകിട കമ്പനികളും മൂന്നും നാലും മാസം കഴിഞ്ഞാണ് തങ്ങളുടെ ടാക്സ് റിട്ടേൺ കൊടുക്കുന്നത്. ഈ ആനുകൂല്യത്തിൽ മുൻകാല പ്രാബല്യത്തോടെ പല ചെറുകിട കമ്പനികളുടെയും ഉടമസ്ഥർ അവരുടെ ബന്ധുക്കളെയൊക്കെ പെയ് റോളിൽ കേറ്റി ഗവൺമെന്റ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. .
ഇതിനു പുറമേ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന 10000 പൗണ്ട് ഗ്രാന്റിലും വൻതോതിലുള്ള ധൂർത്ത് നടക്കുന്നുണ്ട്. പത്തോളം ഏഷ്യൻ ഷോപ്പുകൾ നടത്തുന്ന വ്യക്തിക്ക് ഗ്രാന്റായി ലഭിച്ചത് ഒരു ലക്ഷം പൗണ്ടാണ്. ഈ ഷോപ്പുകളൊക്കെയും ലോക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുകയും സാധാരണപോലെ വരുമാനം ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ലോക ഡൗണിനു മുമ്പുള്ള പാനിക് ബൈയിങ്ങിന്റെ സമയത്ത് മിക്ക ഷോപ്പുകൾക്കും രണ്ടു മൂന്നു മാസത്തെ ബിസിനസ് ഒരുമിച്ച് ലഭിച്ചിരുന്നു. ഇതിനുപുറമേയാണ് അമിതമായ വില വർദ്ധനവിലൂടെ നേടിയെടുത്ത കൊള്ളലാഭം. കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെന്റിനോട് ചോദിക്കാനുള്ളത് കോവിഡ് – 19 മൂലം സാമ്പത്തിക നേട്ടങ്ങൾ മാത്രം ഉണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത്രയധികം ആനുകൂല്യങ്ങൾ നൽകുമ്പോൾ ജീവൻ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി എന്തു ചെയ്തു എന്നാണ്.
Leave a Reply