യുണൈറ്റഡ് സ്റ്റേറ്റ്സ്: ലോസ് ആഞ്ചല്‍സില്‍ നിന്നും മിനിയപോളിസിലേക്ക് പോവുകയായിരുന്ന വിമാനത്തില്‍ വച്ച് എയര്‍ ഹോസ്റ്റസുമാര്‍ തമ്മിലടിച്ചു. വിമാനം യാത്ര പുറപ്പെട്ട് അധികം താമസിയാതെ തന്നെ എയര്‍ ഹോസ്റ്റസുമാര്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചിരുന്നു. എന്നാല്‍ വിമാനം 37000 അടി ഉയരത്തിലെത്തിയപ്പോഴേക്കും വാക്ക് തര്‍ക്കം കയ്യാങ്കളിയില്‍ എത്തി. ഇതിനെ തുടര്‍ന്ന്‍ പൈലറ്റ്‌ വിമാനം സാള്‍ട്ട് ലേക്ക് സിറ്റി വിമാനത്താവളത്തിലേക്ക്  തിരിച്ചു വിടുകയായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു എയര്‍ ഹോസ്റ്റസുമാരുടെ തമ്മിലടി.
ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഫ്ലൈറ്റ് 2598 ബോയിംഗ് 757 വിമാനത്തില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. വാഗ്വാദം മൂത്ത് കയ്യാങ്കളിയില്‍ എത്തിയ ഇരുവരെയും പിടിച്ചു മാറ്റാന്‍ ശ്രമിച്ച മറ്റൊരു എയര്‍ ഹോസ്റ്റസിനും കിട്ടി മുഖത്ത് തന്നെ ഇടി. ഇതോടെ ക്യാപ്റ്റന്‍ വിമാനം വഴി തിരിച്ചു വിടാന്‍ തീരുമാനിക്കുകയും സാള്‍ട്ട്ലേക്ക് വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ്‌ ചെയ്യിക്കുകയും ആയിരുന്നു. വഴക്കുണ്ടാക്കിയവരെ ഇവിടെ ഇറക്കി വിട്ട ക്യാപ്റ്റന്‍ പകരക്കാരെ കിട്ടി 75 മിനിറ്റ് താമസിച്ചാണ് വീണ്ടും യാത്ര തുടര്‍ന്നത്.

map

ഒരു യാത്രക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് മൂന്ന്‍ ജീവനക്കാരെ ഇവിടെ ഇറക്കി വിട്ടു എന്നാണ് അറിയുന്നത്. ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കി. യാത്രക്കാര്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ ക്ഷമ ചോദിച്ച എയര്‍ലൈന്‍സ് തങ്ങളുടെ ജീവനക്കാര്‍ സ്ഥാപനം നല്‍കിയിരുന്ന വാഗ്ദാനത്തിന് അനുസരിച്ചുള്ള സേവനം നല്‍കാത്തതിന് നഷ്ടപരിഹാരമായി എല്ലാ യാത്രക്കാര്‍ക്കും ട്രാവല്‍ വൗച്ചറുകളും നല്‍കി.