ന്യൂസ് ഡെസ്ക് മലയാളം യുകെ

ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ അവധിക്കാലം ആഘോഷിക്കാനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ഏറ്റവും വലിയ ഹോളിഡേ ഫേം ആയ ടുയി തങ്ങളുടെ വിദേശ ട്രിപ്പുകളുടെ ബുക്കിംഗ് എണ്ണത്തിൽ 500 ശതമാനത്തിലേറെ കുതിച്ചുചാട്ടം ഉണ്ടായി എന്ന് അവകാശപ്പെടുന്നു. സമാനമായ രീതിയിൽ മറ്റൊരു കമ്പനിയും 10,000 ബുക്കിംഗുകൾ ഒറ്റദിവസം ലഭിച്ചതായി അവകാശപ്പെടുന്നു. ജൂലൈ മുതൽ ഗ്രീസ്, സ്പെയിൻ, തുർക്കി പോലെയുള്ള രാജ്യങ്ങളിലേയ്ക്ക് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞതായി ടുയി അറിയിച്ചു.

ചുരുക്കിപ്പറഞ്ഞാൽ ഓരോ 11 സെക്കൻഡിലും ഓരോ പുതിയ ബുക്കിംഗുകൾ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിനുള്ളിലെ ടൂറിസത്തിനും വലിയ തോതിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ബോറിസ് ജോൺസൺ ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയാൽ ഉടൻതന്നെ യോർക്ക് ഷെയറിലേയ്ക്ക് കുടുംബവുമൊത്ത് യാത്ര പോകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നാറ്റ് സോമേഴ്സ് എന്ന വനിത മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗൺ ഉയർത്തിയാൽ സന്ദർശിക്കേണ്ട ഒരുപിടി സ്ഥലങ്ങൾ ഞങ്ങൾ ഇപ്പോൾ തന്നെ കണക്കുകൂട്ടി വെച്ചിട്ടുണ്ട്.

അന്താരാഷ്ട്ര യാത്ര നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മെയ് 17 വരെ ഇപ്പോഴും ഉള്ളതുപോലെ തന്നെ തുടരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. സാമ്പത്തിക മേഖലയിലെ ഇടിവും രോഗ ഭീതിയും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാക്കുമോ എന്നും, മേഖല ഇടിയാൻ കാരണമാകുമോ എന്നും സംശയിച്ചിരുന്നിടത്താണ് ഇത്രയധികം സ്വീകാര്യത ലഭിച്ചിരിക്കുന്നത്.
മിക്ക എയർലൈനുകളിലും പ്രതീക്ഷിച്ചതിലും ഉയർന്ന നിരക്കിലുള്ള ബുക്കിംഗ് റേറ്റുകളാണ് ഇതുവരെ ഉള്ളത്. ടൂറിസം മേഖല കനത്ത കുതിച്ചുചാട്ടത്തോടു കൂടി മുന്നോട്ടു വരും എന്നാണ് പ്രതീക്ഷ.